ആകെയുളളത് അഞ്ചരസെന്റ് , പക്ഷേ ലഭിക്കുന്നത് അരഏക്കറിലെ വിളവ്; തലസ്ഥാനത്തെ അത്ഭുത തോട്ടത്തിലെ വിശേഷങ്ങൾ

Friday 23 January 2026 4:42 PM IST

തിരുവനന്തപുരം: ആകെ അഞ്ചരസെന്റ് സ്ഥലം. പക്ഷേ, അവിടെനിന്ന് കിട്ടുന്ന വിളവോ അര ഏക്കറിലേതും. തിരുവനന്തപുരം നഗരത്തിൽ പരുത്തിപ്പാറ എം ജി കോളേജിനടുത്ത് വി കെ ആദർശിന്റെ മകയിരം എന്ന വീട്ടിലെത്തിയാൽ ഈ അത്ഭുതദൃശ്യം നിങ്ങൾക്ക് കൺകുളിർക്കെ കാണാം. അവിടെയെത്തുമ്പോൾ മറ്റൊരു ഞെട്ടലിനുംകൂടി തയ്യാറായിക്കോളൂ. മാവും വാഴയും പേരയും മുന്തിരിയും ഉൾപ്പെടെവ കുലകുത്തി കായ്ച്ചുകിടക്കുന്നത് മൂന്നുനില കെട്ടിടത്തിന്റെ ടെറസിനുമുകളിലാണ്. ഭൂമിയില്ലാത്തതുകൊണ്ട് കൃഷിചെയ്യാനാകുന്നില്ല എന്ന് പരിതപിക്കുന്നവർക്ക് ഈ വീട് ഒരു മറുപടിയാണ്.

കൃഷിയോടുള്ള ഇഷ്ടവും കൗതുകവുമാണ് ഇത്തരമൊരു പരീക്ഷണത്തിന് വീട്ടുകാരെ പ്രേരിപ്പിച്ചത്. ടെറസിനുമുകളിൽ പ്ലാസ്റ്റിക്ക് ഷീറ്റുവിരിച്ചും മറ്റും കൃഷിചെയ്യുന്നത് പൂർണമായും വിജയിക്കില്ല എന്ന് വ്യക്തമായതോടെ ഇതിന് പോംവഴി കണ്ടെത്താനായി പിന്നത്തെ ശ്രമം. ടെറസിൽ പാത്തികൾ കെട്ടിയുണ്ടാക്കി അതിൽ മണ്ണിട്ട് കൃഷിചെയ്യാൻ തീരുമാനിച്ചു. തീരുമാനം നൂറുശതമാനം വിജയമായിരുന്നു എന്ന് പിന്നീടുള്ള വിളവെടുപ്പുകൾ തന്നെ സാക്ഷി. നിലത്ത് കൃഷിചെയ്യുന്നതിനെക്കാൾ വിളവും ഓരോതവണയും ലഭിച്ചുകൊണ്ടേയിരിക്കുന്നു. ടെറസ് കൃഷി വേണ്ടായിരുന്നെന്ന് ഇതുവരെ തോന്നിയിട്ടില്ല.ഇനി ഒരിക്കലും അങ്ങനെ തോന്നില്ലെന്നും വീട്ടുകാർ പറയുന്നു. വിളവെടുക്കുന്നതിൽ സ്വന്തം ആവശ്യത്തിനുള്ളത് എടുത്തശേഷം മിച്ചംവരുന്നത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊക്കെ നൽകുകയാണ് പതിവ്.വിൽക്കാൻ ഇതുവരെ തോന്നിയിട്ടില്ല. എത്ര ടെൻഷനടിച്ചിരുന്നാലും ടെറസിൻ മുകളിൽ കയറിയാൽ അതൊക്കെ പമ്പകടക്കുമെന്ന് തീർച്ച.

മകയിരത്തിന്റെ ടെറസിൽ ഇല്ലാത്തവിളകൾ ഒന്നും ഇല്ലെന്നുതന്നെ പറയാം. മൽഗോവ, മിയാസാക്കി തുടങ്ങി വിവിധ മാവിനങ്ങൾ, പത്തിനം പേരകൾ, മുന്തിരി, ആത്ത, വാഴ,നാരകം അങ്ങനെപോകുന്നു വിളകളുടെ പട്ടിക. ആവശ്യത്തിന് വെള്ളവും വളവും മികച്ച പരിചരണവും ലഭിക്കുന്നതിനാൽ വർഷത്തിൽ എല്ലായ്പ്പാേഴും വിളവ് ലഭിക്കും. ജൈവവളങ്ങൾ മാത്രമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.ഇതിൽ ഒരു വിട്ടുവീഴ്ചയ്ക്കും വീട്ടുകാർ ഒരുക്കമല്ല. അതിനാൽ രുചിയും ഗുണവും കൂടും.നല്ല വെയിൽ എപ്പോഴും കിട്ടുന്നതിനാൽ കീടങ്ങുടെ ആക്രമണവും കുറവ്. ടെറസിൽ മരങ്ങൾ തഴച്ചുവളർന്നുനിൽക്കുന്നതിനാൽ കെട്ടിടത്തിനുള്ളിൽ എപ്പോഴും എസി തോൽക്കുന്ന സുഖകരമായ തണുപ്പും. ഈ ഇനത്തിലുളള വൈദ്യുതിചാർജ് ലാഭം വേറെ. ടെറസ് കൃഷിമൂലം വീടിന് ഒരുപ്രശ്നവും ഇതുവരെ ഉണ്ടായിട്ടില്ല.

പിന്നിൽ പ്രമോദിന്റെ കരങ്ങൾ

മകയിരത്തിലെ കൃഷിയിടം കാണുന്ന ആരും ആദ്യം ചോദിക്കുന്ന ചോദ്യം വിളകളെ എങ്ങനെ ഇത്രയും കാര്യമായി നോക്കാനാവുന്നു എന്നതായിരിക്കും. ഇതിനുളള ഉത്തരമാണ് പ്രമോദ്. വട്ടപ്പാറയിലെ മണലിൽ നഴ്സറി ആൻഡ് അഗ്രോഫാം ഉടമായായ പ്രമോദാണ് കൃഷിക്കുവേണ്ട ഉപദേശങ്ങളും ചെടികളും വിത്തും വളവുമൊക്കെ നൽകുന്നത്. യഥാസമയം പ്രൂണിംഗ് ഉൾപ്പെടെ നടത്തുന്നതും പ്രമോദ് തന്നെ. മികച്ച സാധനങ്ങൾ മാത്രം ഉപഭോക്താക്കൾക്ക് നൽകുന്നതാണ് തന്റെ വിശ്വാസ്യതയ്ക്ക് പിന്നിലെന്നാണ് അദ്ദേഹം പറയുന്നത്. കേരളത്തിലങ്ങോളമിങ്ങോളം നിരവധിയിടങ്ങളിൽ പ്രമോദിന്റെ നേതൃത്വത്തിൽ കൃഷിയിടങ്ങളും ഉദ്യാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഫോൺ:86064 24191.