ഇൻഷുറൻസ് പദ്ധതിയിലുള്ളവർക്ക് സൗജന്യ മരുന്ന് 24 മണിക്കൂറും, മെഡിക്കൽ കോളേജിൽ പുത്തൻ സംവിധാനം റെഡി
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് മരുന്നുകൾ ലഭ്യമാകുന്ന സംയോജിത ഫാർമസി കൗണ്ടർ സജ്ജമായി. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് മാതൃകാ ഫാർമസി കൗണ്ടർ സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്നത്. മന്ത്രി മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തിയ വേളയിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് മരുന്നുകൾ ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതായി കുട്ടിരിപ്പുകാർ പരാതിപ്പെട്ടിരുന്നു. മരുന്നുകൾ പല ഫാർമസികളിൽ നിന്നായി മാത്രമേ കിട്ടുകയുള്ളൂ എന്നതിനാൽ രോഗികൾ ഏറെ ബുദ്ധിമുട്ടിയിരുന്നു. മാത്രമല്ല ഒരു മരുന്ന് ആ ഫാർമസിയിൽ ലഭ്യമല്ലെങ്കിൽ സീൽ വച്ച് നൽകിയാൽ മാത്രമേ അടുത്തയിടത്ത് നിന്നും വാങ്ങാനും കഴിയുമായിരുന്നുള്ളൂ.
ഇക്കാര്യങ്ങളെ തുടർന്നാണ് വിവിധ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലുള്ളവർക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിനായി എംപാനൽ ചെയ്ത സ്ഥാപനങ്ങളെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ കൗണ്ടറിന് സമീപം തന്നെ സജ്ജീകരിച്ച് ഒരു സ്ഥലത്ത് നിന്ന് തന്നെ മരുന്നുകൾ വിതരണം ചെയ്യാൻ സർക്കാർ നിർദ്ദേശം നൽകി.
മെഡിക്കൽ കോളേജ് പഴയ ക്യാഷ്വാലിറ്റിക്ക് സമീപമാണ് പുതിയ സംയോജിത ഫാർമസി കൗണ്ടർ സജ്ജമാക്കിയിരിക്കുന്നത്. മരുന്നുകൾ വിതരണം ചെയ്യുവാൻ എംപാനൽ ചെയ്തിട്ടുള്ള മെയിൻ സ്റ്റോർ, കമ്മ്യൂണിറ്റി ഫാർമസി, കാരുണ്യാ ഫാർമസി, എച്ച്.എൽ.എൽ. എന്നിവ ഇവിടെ സജ്ജമാക്കി. ഈ സ്ഥാപനങ്ങൾക്കായി ഒരു സംയോജിത ബില്ലിംഗ് കൗണ്ടറും സ്ഥാപിച്ചിട്ടുണ്ട്. വിവിധ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ ഉൾപ്പെട്ട മുഴുവൻ ഗുണഭോക്താക്കൾക്കും ഈ കൗണ്ടറിൽ നിന്നും 24 മണിക്കൂറും മരുന്നുകൾ ലഭ്യമാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഇതുവഴി ഗുണഭോക്താക്കൾക്ക് ആശുപത്രി ക്യാമ്പസിനുള്ളിൽ വിവിധ സ്ഥലങ്ങൾ സന്ദർശിക്കാതെ ആശുപത്രിയ്ക്കകത്തുള്ള നിലവിലെ ആരോഗ്യ ഇൻഷ്വറൻസ് കൗണ്ടറിന് സമീപം തന്നെ മരുന്നുകൾ സൗജന്യമായി ലഭിക്കും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം. കാസ്പ്, കാരുണ്യ ബനവലന്റ് ഫണ്ട്, ആരോഗ്യകിരണം എന്നിവ വഴി 5 വർഷം കൊണ്ട് 25 ലക്ഷത്തോളം പേർക്ക് ആകെ 8425 കോടി രൂപയുടെ സൗജന്യ ചികിത്സ നൽകി.
ഈ കാലയളവിൽ കെ.എം.എസ്.സി.എൽ. വഴി നൽകിയത് 3,500 കോടിയോളം രൂപയുടെ സൗജന്യ മരുന്നുകളാണ്. മെഡിക്കൽ കോളേജുകൾ വഴിയാണ് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയിട്ടുള്ളത്. ഈ 5 വർഷം കൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലൂടെ മാത്രം 535.35 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് നൽകിയത്.