എൻ.എച്ച് നിർമ്മാണം അവസാന ഘട്ടത്തിൽ, വിഘാതമായി പുതിയ ആവശ്യങ്ങൾ
പറവൂർ: മൂത്തകുന്നം - ഇടപ്പിള്ളി റീച്ചിൽ ദേശീയപാത നിർമ്മാണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ പ്രദേശവാസികൾ പുതിയ ആവശ്യങ്ങൾ ഉന്നയിക്കുന്നത് നിർമ്മാണത്തിന്റെ വേഗത കുറയ്ക്കുമെന്ന് ആശങ്ക. കൂനമ്മാവിൽ ഉയരപ്പാത നിർമ്മിക്കണമെന്ന ആവശ്യവുമായി ദേശീയപാത 66 കൂനമ്മാവ് സമരസമിതി രംഗത്ത് വന്നതോടെ മേഖലയിലെ ദേശീയപാത നിർമ്മാണം തടസപ്പെട്ടു. 405 മീറ്റർ ഉയരപ്പാത നിർമ്മിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ച ശേഷം കഴിഞ്ഞ ദിവസം ക്യാമ്പ് ഹൗസിൽ ദേശീയപാത അധികൃതരും ജനപ്രതിനിധികളും സമരക്കാരും തമ്മിൽ ചർച്ച നടന്നിരുന്നു. അവസാനഘട്ടത്തിൽ ഉയരപ്പാത നിർമ്മിക്കാനാവില്ലെന്ന് ദേശീയപാത പ്രൊജക്ട് ഡയറക്ടർ പി. പ്രദീപ് അറിയിച്ചു. ഉയരപ്പാതയെന്നത് ഉന്നതതലത്തിൽ തീരുമാനിക്കേണ്ടതാണെന്നും രണ്ടാമതൊരു അടിപ്പാതക്കായി ഇടപെടാമെന്നും അദ്ദേഹം പറഞ്ഞു. ഈ നിർദേശം പങ്കെടുത്ത ജനപ്രതിനിധികളും സമരസമിതി നേതാക്കളും അംഗീകരിക്കാൻ തയ്യാറാകാതിരുന്നതോടെ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു.
ആറിടത്ത് അടിപ്പാത വേണം
ചേരാനല്ലൂർ, കുനമ്മാവ്, ചെമ്മായം, പെരുമ്പടന്ന, പട്ടണം കവല, കുര്യാപ്പിള്ളി എന്നിവിടങ്ങളിലാണ് അടിപ്പാതക്കായി സമരം നടക്കുന്നത്. പലയിടത്തും റോഡ് നിർമ്മാണം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. എന്നാൽ ചേരാനെല്ലൂർ, ചെമ്മായം, പെരുമ്പടന്ന എന്നിവിടങ്ങളിൽ അടിപ്പാത നിർമ്മിക്കാമെന്ന് ദേശീയപാത അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.
നിർമ്മാണം വേഗത്തിൽ
കാലാവസ്ഥയും നിർമ്മാണ സാമഗ്രികളുടെ ലഭ്യതയും അനുകൂലമായതോടെ മൂത്തകുന്നം - ഇടപ്പിള്ളി റീച്ചിൽ നിർമ്മാണം അതിവേഗത്തിലാണ് നടക്കുന്നത്. മൂന്ന് വർഷം കൊണ്ട് നിർമ്മാണം 12 ശതമാനമായിരുന്നു. ഡിസംബർ ആദ്യവാരം 44 ശതമാനവും ജനുവരി 20ന് 69 ശതമാനവുമായി.
റെയിൽവേ പാലത്തിന് ഉടൻ അനുമതി
ഇടപ്പിള്ളി റെയിൽവേ പാലത്തിന്റെ നിർമ്മാണം പൂർത്തിയായിട്ടില്ല. ഇതിനുള്ള അനുമതി ഉടൻ ലഭിക്കുമെന്ന് ദേശീയപാത അധികൃതർ പറഞ്ഞു. റെയിൽവേ ലൈനിന്റെ രണ്ട് ഭാഗങ്ങളിലേയും നിർമ്മാണം പൂർത്തിയായിട്ടുണ്ട്. റെയിൽവേയുടെ അനുമതി ലഭിച്ചാൽ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാവും.
മൂത്തകുന്നം - ഇടപ്പിള്ളി റീച്ചിൽ നിർമ്മാണം അതിവേഗത്തിൽ നടന്നുവരുന്നു. സാങ്കേതിക തടസങ്ങളില്ലെങ്കിൽ ജൂൺ മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകും.
ദേശീയപാത അധികൃതർ
മൂത്തകുന്നം, കൂനമ്മാവ് എന്നീ പ്രദേശത്തെ പ്രത്യേകതകൾ കണക്കിലെടുത്ത് രണ്ടിടത്തും ഉയരപ്പാത നിർമ്മിക്കണം. കൂനമ്മാവിൽ 405 മീറ്ററും മൂത്തകുന്നത്ത് കോട്ടപ്പുറം പാലം മുതൽ ലേബർ ജംഗ്ഷൻ വരെയാണ് ഉയരപ്പാത നിർമ്മിക്കേണ്ടത്.
പി.ആർ. സൈജൻ
പ്രസിഡന്റ്,
പറവൂർ ബ്ളോക്ക് പഞ്ചായത്ത്
കേരളത്തിൽ ഇനിയുള്ള ദേശീയപാതകൾ പില്ലറിൽ നിർമ്മിക്കാൻ ഉത്തരവുണ്ട്. കേന്ദ്രസർക്കാർ ഉത്തരവ് നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകണം.
തമ്പി മേനാച്ചേരി,
ചെയർമാൻ,
കൂനമ്മാവ് സമരസമിതി