ബംഗ്ലാദേശികള്‍ ഇനി ക്രിക്കറ്റ് കളിക്കില്ല? വിലക്കിയേക്കുമെന്ന് സൂചന, ജയ് ഷാ ദുബായില്‍
ദുബായ്: ട്വന്റി 20 ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്ക്കുന്ന ബംഗ്ലാദേശ് കനത്ത വില നല്‍കേണ്ടിവന്നേക്കും. ഐസിസി നല്കിയ മുന്നറിയിപ്പുകളെ അവഗണിച്ചതിനെത്തുടര്‍ന്ന് കടുത്ത നടപടിയുണ്ടായേക്കുമെന്നാണ് സൂചന. 24 മണിക്കൂറിനുള്ളില്‍ തീരുമാനമുണ്ടാകണമെന്ന ഐസിസിയുടെ അന്ത്യശാസനയും തള്ളിയാണ് ഇന്ത്യയില്‍ കളിക്കില്ലെന്ന നിലപാടില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഉറച്ചുനിന്നത്. ഇതോടെയാണ് വിലക്ക് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് ഐസിസി കടന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ബംഗ്ലാദേശ് വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഐസിസി ചെയര്മാന് ജയ് ഷാ ദുബായിലെത്തിയിട്ടുണ്ട്. ബംഗ്ലാദേശിലെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുല്‍ ടീമിലെ മുഴുവന്‍ കളിക്കാരുമായും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായി ചേര്‍ന്ന് തീരുമാനമെടുത്തത്. തങ്ങളുയര്‍ത്തുന്ന സുരക്ഷാ ആശങ്കകള്‍ യഥാര്‍ത്ഥമാണെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നീതി കാണിക്കുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നതായും ആസിഫ് വ്യക്തമാക്കിയിരുന്നു.
വേദി മാറ്റ ആവശ്യം തള്ളിയതോടെ ഐ.സി.സിയുടെ സ്വതന്ത്ര തര്‍ക്ക പരിഹാര സമിതിയെ (ഡി.ആര്.സി) സമീപിച്ചിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യയില്‍ തങ്ങളുടെ താരങ്ങളും ആരാധകരും മാദ്ധ്യമപ്രവര്‍ത്തകരും സുരക്ഷിതരായിരിക്കില്ലെന്നാണ് ബിസിബി നിലപാട്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതാണ് സംഭവങ്ങളുടെ തുടക്കം. അതിക്രമങ്ങള്‍ തുടര്‍ന്ന പശ്ചാത്തലത്തില്‍ ബംഗ്ലാ പേസര്‍ മുസ്താഫിസുര്‍ റഹ്മാനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കിയിരുന്നു.
ഇതിന് പിന്നാലെ ബംഗ്ലാദേശ് സര്‍ക്കാര്‍ തങ്ങളുടെ രാജ്യത്ത് ഐപിഎല്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കി. തൊട്ടുപിന്നാലെയാണ് ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ നിന്ന് തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യം ബംഗ്ലാദേശ് ഉന്നയിച്ചത്. എന്നാല്‍ ഇത് ഐസിസി അംഗീകരിച്ചില്ല. അതേസമയം, ഇന്ത്യയുമായി ക്രിക്കറ്റിന്റെ കാര്യത്തില്‍ അനാവശ്യ പ്രശ്നങ്ങളുണ്ടാക്കുന്നത് ബംഗ്ലാദേശ് ക്രിക്കറ്റിന് ദോഷകരമായി ഭവിക്കുമെന്ന് മുന്‍ നായകന് തമീം ഇഖ്ബാല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.