ശബരി​മല സ്വർണക്കൊള്ള: മുരാരി ബാബുവി​ന് ജാമ്യം

Saturday 24 January 2026 1:21 AM IST

കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം. ഇയാൾ ഇന്നലെ ജയിൽ മോചിതനായി. ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളപ്പാളിയിലെയും സ്വർണം അപഹരിച്ച കേസുകളിൽ അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കൊല്ലം വിജിലൻസ് കോടതി ജ‌ഡ്ജി സി.എസ്.മോഹിത് സ്വാഭാവിക ജാമ്യം അനുവദിച്ചത്.

ശബരിമല സ്വർണക്കൊള്ള കേസുകളിൽ ആദ്യമായി ജയിൽമോചിതനാകുന്ന പ്രതിയാണ് മുരാരി ബാബു. രണ്ടു ആൾ ജാമ്യവും രണ്ടുലക്ഷം രൂപയ്ക്ക് തുല്യമായ ഈടും നൽകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. അതേസമയം, ദ്വാരപാലക ശില്പക്കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെയും രണ്ടുകേസുകളിൽ സുധീഷ് ബാബുവിന്റെയും റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടി.