രഞ്ജി ട്രോഫി ക്രിക്കറ്റ് ഇങ്ങനെയെങ്കിൽ ചണ്ഡിഗഡ് കൊണ്ടുപോകും !

Friday 23 January 2026 8:53 PM IST

തിരുവനന്തപുരം : മംഗലപുരം കെ.സി.എ സ്റ്റേഡിയത്തിൽ നടക്കുന്ന ചണ്ഡിഗഡിന് എതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തെ തുറിച്ചുനോക്കി തോൽവി. ആദ്യ ദിനം 95/2 എന്ന നിലയിൽ നിന്ന് 139 റൺസിന് ആൾഔട്ടായ കേരളത്തിനെതിരെ രണ്ടാം ദിനമായ ഇന്നലെ ചണ്ഡിഗഡ് 416 റൺസ് നേടി പുറത്തായി. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളത്തിന് 21 റൺസിലെത്തിയപ്പോഴേക്കും രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഇപ്പോൾ 256 റൺസ് പിന്നിലാണ് കേരളം.

ഇന്നലെ 142/1 എന്ന നിലയിൽ ബാറ്റിംഗ് തുടരാനെത്തിയ ചണ്ഡിഗഡിനായി അർജുൻ ആസാദ് (102),ക്യാപ്ടൻ മനൻ വോറ (113) എന്നിവർ സെഞ്ച്വറികൾ നേടി. രണ്ടാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 161 റൺസാണ്. ഇവർക്ക്ശേഷം ശിവം ബാംബ്രി (41),അർജിത് പന്നു(52),തരൺപ്രീത് സിംഗ് (25),വിഷ്ണു കാശ്യപ് (31) എന്നിവർ ചെറുത്തുനിന്നതോടെ ടീം സ്കോർ 400 കടന്നു. കേരളത്തിനായി ഏദൻ ആപ്പിൾടോം നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ പാർട്ട്ടൈം ബൗളറായി പരീക്ഷിച്ച വിഷ്ണുവിനോദിന് രണ്ട് വിക്കറ്റ് ലഭിച്ചു. രഞ്ജിയിൽ ആദ്യമായാണ് വിഷ്ണു വിക്കറ്റ് നേടുന്നത്.ശിവം ബാംബ്രിയായിരുന്നു വിഷ്ണുവിന്റെ ആദ്യ ഇര. പിന്നാലെ മനൻ വോറയേയും വീഴ്ത്തി.

രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളത്തിന് ഓപ്പണർമാരായ അഭിഷേക് നായർ (4),രോഹൻ കുന്നുമ്മൽ (11) എന്നിവരെയാണ് നഷ്ടമായത്.രോഹൻ പുറത്തായപ്പോൾ കളിനിറുത്തുകയായിരുന്നു. നാലു റൺസുമായി സച്ചിൻ ബേബി ക്രീസിലുണ്ട്.