റായ്പൂരില്‍ റണ്‍മഴ, 200 കടന്ന് കിവീസ്; രണ്ടാം ട്വന്റി 20യില്‍ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം
റായ്പൂര്‍: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ന്യൂസിലാന്‍ഡിന് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടി. അവസാന മൂന്ന് ഓവറുകളില്‍ നിന്ന് 47 റണ്‍സ് ആണ് ന്യൂസിലാന്‍ഡ് അടിച്ചെടുത്തത്.
ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വേ 19(9), ടിം സീഫെര്‍ട്ട് 24(13) എന്നിവര്‍ വേഗത്തിലുള്ള തുടക്കമാണ് സമ്മാനിച്ചത്. 3.2 ഓവറില്‍ 43 റണ്‍സ് ആണ് സഖ്യം നേടിയത്. പിന്നീട് വന്ന രചിന്‍ രവീന്ദ്ര 44(26), ഗ്ലെന്‍ ഫിലിപ്‌സ് 19(13) റണ്‍സ് വീതം നേടി. തകര്‍പ്പന്‍ ഫോമിലുള്ള ഡാരില്‍ മിച്ചല്‍ 18(11) റണ്‍സ് നേടി പുറത്തായത് കിവീസ് ഇന്നിംഗ്‌സിന്റെ വേഗം കുറച്ചു. മാര്‍ക് ചാപ്മാന്‍ 10(13) റണ്‍സ് മാത്രമേ നേടിയുള്ളൂ. 11.2 ഓവറില്‍ 125ന് മൂന്ന് എന്ന ശക്തമായ നിലയില്‍ നിന്ന് കിവീസ് 17 ഓവര്‍ പിന്നിട്ടപ്പോള്‍ 161ന് ആറ് എന്ന നിലയിലേക്ക് വീണു.
എന്നാല്‍ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ നടത്തിയ മികച്ച ബാറ്റിംഗ് പ്രകടനം ആണ് മികച്ച സ്‌കോറിലേക്ക് കിവീസിനെ എത്തിച്ചത്. പുറത്താകാതെ നിന്ന നായകന്‍ 27 പന്തുകളില്‍ നിന്ന് 47 റണ്‍സ് നേടി ടോപ് സ്‌കോറര്‍ ആയി. സാക്കറി ഫോക്‌സ് 15*(8) സാന്റ്‌നര്‍ക്കൊപ്പം പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, ശിവം ദൂബെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.