മധു മധുരം
ബെൻസ് ഓടിക്കുന്ന, എയർപോർട്ടിനടുത്ത് ഫ്ളാറ്ര് വാങ്ങി, വിദേശത്ത് ഉൾപ്പെടെ ഒാടി നടന്ന് പൂജ ചെയ്യുന്ന ദീപാങ്കുരൻ എന്ന ന്യൂജനറേഷൻ പൂജാരി.
13 വർഷത്തെ ഇടവേള കഴിഞ്ഞ് മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച് ഗംഭീര തിരിച്ചുവരവ് നടത്തി 'സർവ്വം മായ' യിൽ മധു വാര്യർ. നിവിൻ പോളി നായകനായി അഖിൽ സത്യൻ സംവിധാനം ചെയ്ത 'സർവ്വം മായ'യിൽ പ്രേക്ഷകർക്ക് അത്ര പെട്ടന്നൊന്നും മറന്ന് കളയാൻ പറ്റാത്ത കഥാപാത്രമാണ് മധു വാര്യരുടെ ദീപാങ്കുരൻ. നിവിൻ പോളി അവതരിപ്പിച്ച പ്രഭേന്ദുവിനെ പോലെ ഏട്ടൻ നമ്പൂതിരിയെയും അവർ ചേർത്തു പിടിച്ചു. ഈ ആഹ്ളാദ നിമിഷം മധു വാര്യർ പങ്കുവച്ചു.
മാറി നിന്നതല്ല
അഭിനയത്തിൽ നിന്ന് മാറി മനപൂർവം നിന്നതല്ല. സംവിധാനത്തിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി ഒരു ബ്രേക്ക് എടുത്തു. ആദ്യത്തെ നാലഞ്ചുവർഷം ഒരു സിനിമയുടെ പിന്നാലെ പോയി, അത് ശരിയായില്ല. പിന്നെയാണ് 'ലളിതം സുന്ദര'ത്തിൽ എത്തുന്നത്. അതൊക്കെ കഴിഞ്ഞപ്പോഴേക്കും അഭിനയരംഗത്ത് നിന്ന് മാറി എന്ന ധാരണ പൊതുവിൽ എല്ലാവർക്കും ഉണ്ടായെന്നു തോന്നുന്നു. വളരെ യാദൃശ്ചികമായാണ് സർവ്വം മായയിലേക്ക് എത്തുന്നത്. അഖിലിന് അങ്ങനെയൊരു സ്പാർക്ക് തോന്നി, അങ്ങനെയാണ് എന്നെ വിളിക്കുന്നത്. നിവിനെയും അജുവിനെയും മലർവാടി മുതൽ പരിചയമുണ്ട്. ഇത്രയും കാലങ്ങൾക്ക് ശേഷവും അവരുടെ സ്വഭാവത്തിൽ മാറ്റം ഒന്നുമില്ല. സ്റ്റാർഡത്തിന്റെ യാതൊരുവിധ തലക്കനവുമില്ല. അവരുടെ കൂടെ വർക്ക് ചെയ്യാൻ വളരെ എളുപ്പമായിരുന്നു, സന്തോഷവുമായിരുന്നു. രഘുവേട്ടൻ (രഘുനാഥ് പലേരി) ലളിതം സുന്ദരത്തിലും അഭിനയിച്ചിട്ടുണ്ട്. എനിക്ക് വലിയ ആത്മബന്ധമുണ്ട്. രഘുവേട്ടന്റെ മകൻ ആയി അഭിനയിക്കാൻ പറ്റിയതും വലിയ ഭാഗ്യം.
സെറ്റ് 'സെറ്റ് ' ആയിരുന്നു
മുൻപ് അഭിനയിച്ച സിനിമൾ ഇപ്പോൾ സ്വയം വിലയിരുത്തുമ്പോൾ തൃപ്തി തോന്നുന്നില്ല. അന്ന് ചെയ്തതിൽ എല്ലാം ക്രിത്രി ഉണ്ടായിരുന്നു എന്ന് തോന്നാറുണ്ട്. സിനിമ സംവിധാനം ചെയ്തപ്പോഴാണ് ശരിക്കും ഒരു നടനിൽ നിന്ന് എന്താണ് വേണ്ടത് എന്ന ഐഡിയ കിട്ടിയത്. അതിന് ശേഷം അഭിനയിച്ച സിനിമയാണ് സർവ്വം മായ. അതിനാൽ സംവിധായകന്റെ പോയിന്റ് ഓഫ് വ്യൂവിൽ ഒരു കഥാപാത്രം എങ്ങനെ വേണം എന്ന ധാരണ കിട്ടി. അതുകൊണ്ടാണെന്ന് തോന്നുന്നു സർവ്വം മായയിലെ ദീപാങ്കുരനായി കുറച്ചൂടെ എളുപ്പത്തിൽ പെർഫോം ചെയ്യാൻ കഴിഞ്ഞത്. പിന്നെ
ദീപാങ്കുരന്റെ പെർഫോമൻസ് നന്നാകാൻ വേണ്ടി അഖിൽ നന്നായി ഗൈഡ് ചെയ്തിരുന്നു. കുറെ നാളുകൾക്കു ശേഷം അഭിനയിക്കുന്നതിന്റെ ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ വളരെ കൃത്യമായി ഒരു കഥാപാത്രത്തിന്റെ കയ്യിൽ നിന്ന് തനിക്ക് എന്തെല്ലാം വേണം എന്ന് മനസിലാക്കി ചോദിച്ചു വാങ്ങാൻ മിടുക്കും കെൽപ്പുമുള്ള സംവിധായകനാണ് അഖിൽ. ഒരു ടെൻഷനും തരാതെ, വളരെ എളുപ്പത്തിൽ, ജോലിക്ക് പോവുകയാണെന്ന തോന്നൽ ഒട്ടും ഇല്ലാത്തതാണ് അഖിലിന്റെ സെറ്റ്. ചിരിച്ച് കളിച്ച് നിന്ന് അതിന്റെ ഇടയിൽ കുറച്ചു അഭിനയിച്ച് തിരിച്ചു വരുന്നത് പോലെ ആയിരുന്നു.
നല്ല നടനെന്ന് മഞ്ജു
എന്റെ അഭിനയത്തിൽ വലിയ മാറ്രം വന്നുവെന്ന് മഞ്ജു പറഞ്ഞു. അനായാസമായും മനോഹരമായും അഭിനയിച്ചുവെന്ന് പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി. മഞ്ജുവിനെ പോലെ മികച്ച ഒരു അഭിനേത്രിയുടെ വാക്കുകൾ വലിയ അംഗീകാരം തന്നെയാണ്. സിനിമ കണ്ട പ്രേക്ഷകരും നല്ല അഭിപ്രായം തന്നെ പറഞ്ഞു. ഇതെല്ലാം വലിയ സന്തോഷം തരുന്നു.
എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാനാണ് ആഗ്രഹം. കുടുംബാന്താരീക്ഷം പുലർത്തുന്ന കഥാപാത്രങ്ങൾ മാത്രമല്ല, നെഗറ്റീവ് വേഷവും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. സംവിധാനവും അഭിനയവും ഒരുമിച്ച് കൊണ്ടുപോകണം. സംവിധാനം മാത്രമാവുമ്പോൾ ഒരു സിനിമയിൽ നിന്ന് അടുത്തതിലേക്ക് പോകാൻ ഒരുപാട് ഗ്യാപ് വരും. പെട്ടെന്ന് , പെട്ടെന്ന് സിനിമകൾ ചെയ്യാൻ പറ്റില്ല. ഒരെണ്ണം കഴിഞ്ഞ് അടുത്ത നല്ലൊരു കഥ റെഡി ആയി താരങ്ങൾ ഒത്തുവന്ന് പ്രൊജക്ട് ഓൺ ആക്കി എടുക്കുമ്പോഴേക്കും നല്ല സമയമെടുക്കും. അതിനിടെ നമ്മുടെ കാര്യങ്ങളും നടന്നു പോകണമല്ലോ. അതുകൊണ്ട് രണ്ടും കൂടെ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ആണ് ആഗ്രഹം.