'സ്കൂളിൽ പഠിച്ച' കോളേജിന് 12-ാം കൊല്ലം കല്ലിടൽ

Saturday 24 January 2026 12:30 AM IST

പത്തനംതിട്ട: ജില്ലയിലെ ഏക ഗവ. കോളേജായ ഇലന്തൂർ ആർട്സ് ആൻഡ് സയൻസ് കോളേജിന് അടുത്തമാസം തറക്കല്ലിടും. കെട്ടിടം നിർമ്മാണത്തിനുള്ള ടെണ്ടർ പൂർത്തിയായി. ഇലന്തൂർ മാർക്കറ്റ് ജംഗ്ഷന് സമീപം പൂമലക്കുന്നിൽ ഖാദി ബോർഡിന്റെ സ്ഥലവും സമീപവാസികളിൽ നിന്ന് ഏറ്റെടുത്ത സ്ഥലവും ചേർന്ന 5.12 ഏക്കറിലാണ് കെട്ടിടം നിർമ്മിക്കുന്നത്.

പന്ത്രണ്ട് വർഷമായി ഇലന്തൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന കോളേജിനാണ് സ്വന്തം കെട്ടിടം നിർമ്മിക്കുന്നതിനുള്ള വഴി തെളിഞ്ഞത്. അക്കാഡമിക്, അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക്, കാന്റീൻ, ഓഡിറ്റോറിയം എന്നിവ അടങ്ങുന്നതാണ് കെട്ടിടം. സംരക്ഷണ ഭിത്തിയും നിർമ്മിക്കും. കോളേജിന് വേണ്ടി 25 വീട്ടുകാർ സ്ഥലം വിട്ടുകൊടുത്തിട്ടുണ്ട്.

2014ൽ കോളേജ് തുടങ്ങിയ ശേഷം സ്കൂൾ കെട്ടിടത്തിലെ പരിമിത സൗകര്യങ്ങളിലാണ് കോളേജ് പ്രവർത്തിച്ചിരുന്നത്. മന്ത്രി വീണാജോർജ് മുൻകൈയെടുത്താണ് കോളേജിന് സ്ഥലം കണ്ടെത്താൻ നടപടികളെടുത്തത്. ഇതിനായി സ്ഥലം ഉടമകളുടെ യോഗം വിളിച്ചിരുന്നു.

കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. കിറ്റ്‌കോയ്ക്കാണ് നിർമ്മാണ ചുമതല. നാല് നിലകളിലായി ആദ്യ കെട്ടിടം 42000 സ്‌ക്വയർ ഫീറ്റിലാണ് നിർമ്മിക്കുക. ത്രീ സ്റ്റാർ റേറ്റിംഗിലാണ് നിർമ്മാണം. അഗ്‌നി സുരക്ഷ സംവിധാനം, ഭിന്നശേഷി സൗഹൃദ നിർമ്മാണം, മാലിന്യ സംസ്‌കരണ സംവിധാനം, വാഹന പാർക്കിംഗ് എന്നിവയും ഉൾപ്പെടും. 2017 ലാണ് സ്ഥലമെടുപ്പിന് സർക്കാർ പണം അനുവദിച്ചത്.

പ്രദേശവാസികൾ സ്ഥലം വിട്ടുനൽകി

 കോളേജിലേക്കുള്ള അപ്രോച്ച് റോഡിന് വീതികൂട്ടും

 പ്രദേശവാസികൾ സ്ഥലം വിട്ടുനൽകും

 ഒരു കിലോമീറ്ററിലേറെ ദൂരത്തിൽ റോഡ് നവീകരണം

 സ്ഥലം വിട്ടുനൽകുന്നത് സംബന്ധിച്ച തർക്കത്തിന് പരിഹരം

 സ്ഥലം അളന്നുതിരിക്കാതെ ഏറ്റെടുക്കാനായിരുന്നു കിറ്റ്കോയുടെ തീരുമാനം

 എത്ര സ്ഥലം വേണമെന്ന് അളന്ന് തിരിച്ചാലേ വിട്ടുനൽകൂ എന്ന നാട്ടുകാരുടെ ആവശ്യം ഒടുവിൽ അംഗീകരിച്ചു

 കിറ്റ്കോ അധികൃതർ ഇന്ന് സ്ഥലത്തെത്തി നടപടികൾ വേഗത്തിലാക്കും

ആകെ വിസ്തൃതി

5.12 ഏക്കർ

ആദ്യ കെട്ടിടം-42000 ചതുരശ്ര അടി

ഓഡിറ്റോറിയവും കാന്റീനും

2 നിലകളിൽ

വിസ്തൃതി-11000 ചതുരശ്ര അടി

നാല് കോഴ്‌സുകൾ

തുടക്കത്തിൽ മൂന്ന് കോഴ്‌സുകളായിരുന്നു ഉണ്ടായിരുന്നത്. ബി.എസ്‌സി സുവോളജി, ബി.കോം, ബി.എ മലയാളം. എം.കോം കൂടി ലഭിച്ചതോടെ കോഴ്‌സുകളുടെ എണ്ണം നാലായി.

നിലവിൽ വിദ്യാർത്ഥികൾ

200

സ്കൂളും കോളേജും ഒന്നിച്ച് പ്രവർത്തിക്കുന്നതിന്റെ ബുദ്ധിമുട്ടുകളേറെയാണ്. ഇതിനാണ് ഇപ്പോൾ പരിഹാരമാകുന്നത്.

കോളേജ് അധികൃതർ