ഫോണും ടി.വിയും ബെസ്റ്റ്ഫ്രണ്ട്സ്; കാഴ്ചകുറഞ്ഞ് കുട്ടികൾ
പത്തനംതിട്ട: അമിതമായ മൊബൈൽ ഫോൺ, ടി.വി ഉപയോഗം കുട്ടികളിൽ കാഴ്ചവൈകല്യം വർദ്ധിപ്പിക്കുന്നു. അഞ്ചുവർഷം മുമ്പുവരെ (2020ൽ) നൂറിൽ അഞ്ചു കുട്ടികൾക്കാണ് കാഴ്ച സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നത്. ഇന്നത് പത്തിലേക്കെത്തി. 10 വയസിനു മുകളിലുള്ള കുട്ടികളിലാണ് കാഴ്ചവൈകല്യം കൂടുതലായുള്ളത്. കണ്ണ് പരിശോധന നടത്തുന്ന സർക്കാർ, സ്വകാര്യ മേഖലകളിലെ ഒപ്ടോമെട്രിസ്റ്റുകളുടേതാണ് വിലയിരുത്തൽ.
കൊവിഡ് കാലത്ത് കുട്ടികൾ മൊബൈലിലും ടെലിവിഷനിലും തളച്ചിടപ്പെട്ടത് എണ്ണം വർദ്ധിക്കാൻ കാരണമായി. പലർക്കും എഴുതാനും വായിക്കാനും കണ്ണട വേണമെന്നായി. വാശിമാറ്റാനും ഭക്ഷണം കഴിപ്പിക്കാനും മാതാപിതാക്കൾ മൊബൈൽ ഫോൺ നൽകുകയും ടെലിവിഷൻ കാണിക്കുകയും ചെയ്യുന്നതും ദോഷകരമായി. കൃത്യസമയത്ത് പരിശോധന നടത്താത്തത് കാഴ്ചക്കുറവ് സങ്കീർണമാക്കുന്നുണ്ട്.
പുസ്തകങ്ങൾ കണ്ണിനോട് അടുപ്പിച്ചുപിടിച്ച് വായിക്കുന്നതും ബ്ലാക്ക്ബോർഡിൽ അദ്ധ്യാപകർ എഴുതുന്നത് വായിക്കാനാകാത്തതും കാഴ്ചവൈകല്യത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വൈദ്യസഹായം തേടേണ്ടതുണ്ട്. ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി, വിഷമദൃഷ്ടി എന്നീ രോഗങ്ങൾ കുട്ടികളിൽ കണ്ടെത്തിയിട്ടുണ്ട്.
കുട്ടികൾ സോഷ്യൽ
മീഡിയയുടെ അടിമകൾ
കൊവിഡ് കാലത്ത് ഓൺലൈൻ ക്ലാസുകൾക്കും മറ്റുമായി ദീർഘനേരം ഫോൺ നോക്കിയിരുന്നത് കുട്ടികളെ മൊബൈൽ അടിമകളാക്കി. ഇത് സോഷ്യൽ മീഡിയകളിലേക്ക് കൂടുതൽ അടുപ്പിച്ചു. വ്യായാമം കുറഞ്ഞതും കണ്ണുകളുടെ ആരോഗ്യത്തെ ബാധിച്ചു. നഗരങ്ങളിൽ താമസിക്കുന്ന കുട്ടികളിലാണ് കാഴ്ചക്കുറവ് കൂടുതലായുള്ളത്.
സ്കൂളുകളിൽ നേത്ര
പരിശോധന കുറഞ്ഞു
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നടന്നുവന്നിരുന്ന സൗജന്യ നേത്രപരിശോധന ഇപ്പോൾ സജീവമല്ല. സ്കൂളുകൾ സന്ദർശിക്കാൻ ആരോഗ്യ സംഘങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലാത്തതാണ് പരിശോധന കുറയാൻ കാരണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുഖേനയാണ് പരിശോധന നടത്തേണ്ടത്. കാഴ്ചക്കുറവുള്ള കുട്ടികൾക്ക് ആരോഗ്യ വകുപ്പ് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യും.
വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കണം. കളികൾക്കും വ്യായാമങ്ങൾക്കും സമയം കണ്ടെത്തിയാൽ മാത്രമേ കണ്ണിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയൂ.
- മുഹമ്മദ് ഷാൻ,
ഒപ്ടോമെട്രിസ്റ്റ്