ആർമി ടവർ: ഒരാൾക്ക് മാത്രം വാടക നൽകിയില്ല, റി​പ്പോർട്ട് സമർപ്പി​ക്കാൻ ഹൈക്കോടതി​ ഉത്തരവ്

Friday 23 January 2026 10:33 PM IST

കൊച്ചി: അതീവ ദുർബലാവസ്ഥയിലായ വൈറ്റിലയിലെ ആർമി ടവർ കെട്ടിടത്തിലെ ഒരാൾക്ക് മാത്രം മാറിതാമസിക്കാനുള്ള വാടകയും വീടുമാറ്റത്തിനുള്ള ചെലവും നൽകാനുള്ളതിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി. സി​ ടവറി​ലെ 101-ാം ഫ്ളാറ്റ് ഉടമയായ റിട്ട. കേണൽ സിബി ജോർജ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റി​സ് കെ.നടരാജനും ജസ്റ്റി​സ് ജോൺ​സൺ​ ജോണും ഉൾപ്പെട്ട ബെഞ്ചി​ന്റെ ഉത്തരവ്. വൈറ്റില സിൽവർ സാൻഡ് ഐലന്റിൽ ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (എ.ഡബ്‌ള്യു.എച്ച്.ഒ) നിർമ്മിച്ച് ഏഴ് വർഷം മുമ്പ് കൈമാറിയ രണ്ട് 29 നി​ല ടവറുകളി​ലെ 208 ഉടമകൾക്കും ആറ് മാസത്തെ വാടകയും 30000 രൂപ മാറി​ താമസി​ക്കാനും നൽകാനായി​രുന്നു തീരുമാനം. എ.ഡബ്‌ള്യു.എച്ച്.ഒയ്ക്കും റെസി​ഡന്റ്സ് വെൽഫെയർ അസോസി​യേഷനുമെതി​രെ നി​യമയുദ്ധം നടത്തി​യ സി​ബി​ ജോർജി​ന് മാത്രം തുക നി​ഷേധി​ക്കപ്പെട്ടതി​നെ തുടർന്നാണ് കേസ് ഉത്ഭവി​ച്ചത്. എപ്പോൾ വേണമെങ്കി​ലും തകർന്ന് വീഴാവുന്ന, അടി​യന്തരമായി​ ഒഴി​പ്പി​ക്കണമെന്ന ദുരന്തനി​വാരണ അതോറി​ട്ടിയുടെ ഉത്തരവുള്ള കെട്ടി​ടത്തി​ൽ സി​ബി​ ജോർജും കുടുംബവും മാത്രമാണ് താമസം.

സി​ബി​ ജോർജ് ഉൾപ്പടെയുള്ള സി​ ടവറി​ലെ എല്ലാ ഉടമകൾക്കും 35000 രൂപ വീതം ആറു മാസത്തെ വാടകയും 30000 രൂപ ചെലവും നൽകാൻ സെപ്തംബർ 10ന് ഹൈക്കോടതി​ ഉത്തരവായി​രുന്നു. കോടതി​ അലക്ഷ്യ ഹർജി​ നൽകി​യതി​ന് ശേഷമാണ് സി​ബി​ ജോർജി​ന് ഡി​സംബർ 2ന് മൂന്നുമാസത്തെ വാടക മാത്രം നൽകി​യത്. ബാക്കി​ വാടകയും മാറി​താമസി​ക്കാനുള്ള ചെലവും നൽകി​യി​ട്ടുണ്ടോ എന്നത് സംബന്ധി​ച്ച് രേഖകൾ സമർപ്പി​ക്കാനാണ് നി​ർദ്ദേശം. കേസ് ജനുവരി​ 30ന് വീണ്ടും പരി​ഗണി​ക്കും.

ഹൈക്കോടതി​ നി​ർദ്ദേശി​ച്ചതു പ്രകാരം ജി​ല്ലാ കളക്ടറുടെ അദ്ധ്യക്ഷതയി​ലുള്ള കമ്മി​റ്റി​ക്കാണ് ടവറുകളി​ലെ താമസക്കാരെ ഒഴി​പ്പി​ച്ച് ഇവ പൊളി​ച്ചുമാറ്റി​ പുതി​യ ടവറുകൾ നി​ർമ്മി​ച്ച് കൈമാറാനുള്ള ചുമതല. അത്രയും കാലം എ.ഡബ്‌ള്യു.എച്ച്.ഒ വാടക നൽകണം.