അഭിമാനമായി വാട്ടർമെട്രോ റിപ്പബ്ലിക് ദിന പരേഡിൽ

Friday 23 January 2026 10:38 PM IST
റിപ്പബ്ലിക് ദിന പരേഡിൽ അവതരിപ്പിക്കുന്ന കേരളത്തിന്റെ നിശ്ചലദൃശ്യത്തിന്റെ ട്രെയിലർ യൂണിറ്റ്

കൊച്ചി: 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന് അഭിമാനമായി കൊച്ചിയുടെ സ്വന്തം വാട്ടർ മെട്രോ. 26ന് കേരളത്തിന്റെ നിശ്ചലദൃശ്യത്തിലെ ട്രെയ്‌ലർ യൂണിറ്റിലാണ് ടെർമിനലോടുകൂടിയ പൂർണ വലിപ്പത്തിലുള്ള വാട്ടർ മെട്രോ ബോട്ട് അവതരിപ്പിക്കുക. കായലിനോട് ചേർന്നുള്ള പത്ത് ദ്വീപുകളിലെ ജനങ്ങൾക്ക് സുഗമമായ യാത്രയൊരുക്കുന്ന പദ്ധതി പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന്റെ മാതൃകയായാണ് അവതരിപ്പിച്ചിട്ടുള്ളത്. വാട്ടർ മെട്രോയ്ക്ക് പുറമെ, സമൂഹത്തിന്റെ നാനാതുറകളിലുള്ള യാത്രക്കാരെയും ഹരിതകർമ്മ സേനയെയും ഈ യൂണിറ്റിൽ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ട്രാക്ടർ യൂണിറ്റിൽ ഡിജിറ്റൽ സാക്ഷരതയുടെ ബ്രാൻഡ് അംബാസഡറായ സരസുവിനെ ചിത്രീകരിച്ചിരിക്കുന്നു. കേരളത്തിന്റെ സവിശേഷമായ സുഗന്ധവ്യഞ്ജനങ്ങളും കാർഷിക ഉത്പ്പന്നങ്ങളും ഗ്രാമീണ സൗന്ദര്യവും ഇതൊടൊപ്പം അവതരിപ്പിക്കും. 1996 മുതൽ പതിന്നാലാം തവണയാണ് റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോ ഇടം നേടുന്നത്. വിവിധ സംസ്ഥാനങ്ങൾ ഒരുക്കുന്ന 17 നിശ്ചലദൃശ്യങ്ങൾക്കൊപ്പം മന്ത്രാലയങ്ങളുടെ 13 ഫ്‌ളോട്ടുകളും ഉൾപ്പെടെ മൊത്തം മുപ്പത് ഫ്‌ളോട്ടുകൾ ഇന്ന് കർത്തവ്യപഥിൽ അണിനിരക്കും.