ലോട്ടറി ക്ഷേമനിധി ബോർഡിലെ ക്രമക്കേട്: പ്രതിക്ക് മാനസിക രോഗം ഇല്ലെന്ന് റിപ്പോർട്ട്

Saturday 24 January 2026 12:00 AM IST

തിരുവനന്തപുരം: ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിൽ നിന്ന് 14കോടി തട്ടിയെടുത്ത കേസിൽ റിമാൻഡിലുള്ള ഒന്നാംപ്രതി എൽ.ഡി ക്ലർക്ക് കെ.സംഗീതിന് മാനസിക പ്രശ്‌നമില്ലെന്ന് പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ റിപ്പോർട്ട്. ഈ റിപ്പോർട്ട് പ്രതിഭാഗം അംഗീകരിക്കാത്തതിനാൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് മാനസികനില പരിശോധിക്കാൻ കോടതി നിർദ്ദേശിച്ചു. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എ. മനോജാണ് കേസ് പരിഗണിച്ചത്.

ഒന്നാംപ്രതി സംഗീത്, രണ്ടാം പ്രതി കരാറുകാരൻ അനിൽകുമാർ എന്നിവരെ കസ്റ്റഡിയിൽ വാങ്ങാൻ വിജിലൻസ് അപേക്ഷ നൽകിയിരുന്നു. അന്വേഷണസംഘം വിജിലൻസ് കോടതിയിൽ എത്തിയപ്പോഴാണ് ഒന്നാം പ്രതിക്ക് മാനസിക പ്രശ്‌നം ഉണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചത്. സർക്കാരിന്റെ പണം കവർന്ന സമയത്ത് മാനസിക പ്രശ്‌നം ഇല്ലായിരുന്നല്ലോ, പൊലീസ് പിടികൂടിയപ്പോഴാണോ ഇത്തരം വാദങ്ങൾ പറയുന്നത് എന്ന് കോടതി പ്രതിഭാഗത്തോട് ആരാഞ്ഞു. മാനസികപ്രശ്‌നമുള്ള പ്രതിയെ പൊലീസിന് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാൻ കഴിയില്ലെന്ന് പ്രതിഭാഗം അറിയിച്ചപ്പോഴാണ് കോടതി മെഡിക്കൽ റിപ്പോർട്ട് തേടിയത്.

ക്യാഷ് ബുക്ക്, ഓഫീസ് എക്സ്‌പെൻസസ് രജിസ്​റ്റർ, ചെക്ക് ബുക്കുകൾ എന്നിവ ദുരുപയോഗം ചെയ്തും വ്യാജരേഖകൾ ചമച്ചും പ്രതികൾ 14 കോടി തട്ടിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ചെക്കുകളിൽ തുക മാ​റ്റിയെഴുതിയും മേലുദ്യോഗസ്ഥരുടെ ഒപ്പുകൾ സ്വന്തമായി രേഖപ്പെടുത്തിയും രജിസ്​റ്ററുകളിലും മ​റ്റും തിരിമറി നടത്തിയും ബോർഡിന്റെ അക്കൗണ്ടിൽ നിന്ന് പണം സ്വന്തം അക്കൗണ്ടിലേക്കും അനിൽകുമാറിന്റെ അക്കൗണ്ടിലേക്കും മാറ്റി. ഈ പണമുപയോഗിച്ച് വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടി. റിയൽ എസ്​റ്റേ​റ്റ് ബിസിനസിലും മുടക്കി. വീട് നിർമ്മിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. ഇടനിലക്കാരനായ അനിൽ ഈ പണമുപയോഗിച്ച് നിർമ്മാണക്കമ്പനിയും തുടങ്ങി. ബാങ്കിൽ സ്ഥിരനിക്ഷേപമിടുകയും ചെയ്തു. തട്ടിയെടുത്ത പണമുപയോഗിച്ച് കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിൽ മാത്രം 45 ഭൂമി രജിസ്ട്രേഷനുകളാണ് നടത്തിയതെന്നും കണ്ടെത്തി.