ബി.പി മൊയ്തീൻ വീരപുരസ്കാര സമ്മാനിച്ചു
മുക്കം: ബി.പി മൊയ്തീന്റെ സ്മരണയ്ക്കായി നൽകുന്ന വീരപുരസ്കാരം മുഹമ്മദ് ഷാമിലിന് സമ്മാനിച്ചു. കുളത്തിൽ മുങ്ങിയ 12 വയസുകാരനെയും രക്ഷിക്കാൻ ശ്രമിച്ച് അപകടത്തിൽപ്പെട്ട മറ്റു രണ്ടുപേരെയും ജീവിതത്തിലേക്ക് തിരികെയെത്തിച്ച മുഹമ്മദ് ഷാമിൽ മലപ്പുറം മങ്കട ചാളക്കത്തൊടി അഷറഫ് -ഷാഹിദ ദമ്പതികളുടെ മകനും വെള്ളിമല പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയുമാണ്. നേതാജി ജയന്തിയോടനുബന്ധിച്ച് ബി.പി മൊയ്തീൻ സേവാമന്ദിർ സംഘടിപ്പിച്ച ചടങ്ങ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്തു. സേവാമന്ദിർ ഡയറക്ടർ കാഞ്ചന കൊറ്റങ്ങൽ പുരസ്കാര ദാനം നിർവഹിച്ചു. എഴുത്തുകാരൻ പി.കെ.ഗണേശൻ നേതാജി അനുസ്മരണ പ്രഭാഷണം നടത്തി. മുക്കം മുനിസിപ്പൽ കൗൺസിലർ സുഹറ വഹാബ് മുഹമ്മദ് ഷാമിലിനെയും ബി.പി.മൊയ്തീൻ ലൈബ്രറി പ്രസിഡന്റ് എം.സുകുമാരൻ ജി.അബ്ദുൽ അക്ബറിനെയും ആദരിച്ചു. ഡോ.ടി എസ് ബേബി ഷക്കീല അദ്ധ്യക്ഷത വഹിച്ചു. എ.സി നിസാർ ബാബു സ്വാഗതവും വി ഇന്ദിര നന്ദിയും പറഞ്ഞു.