അരുൺകുമാറിനെതിരായ ഉത്തരവിലെ സ്റ്റേ തുടരും

Saturday 24 January 2026 12:30 AM IST

കൊച്ചി: ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഇൻ ചാർജ് ഡോ. വി.എ അരുൺകുമാറിനെതിരായ സിംഗിൾ ബെഞ്ച് ഉത്തരവിലെ സ്റ്റേ രണ്ടുമാസത്തേക്ക് നീട്ടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. അരുൺകുമാർ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ,ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നടപടി. അപ്പീലിൽ എതിർകക്ഷികളുടെ വിശദീകരണവും തേടി. അപ്പീൽ വാദത്തി​നായി​ ഫെബ്രുവരി​ 17ലേക്ക് മാറ്റി. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകനായ അരുൺകുമാറിന് പരിഗണന കിട്ടിയോയെന്നത് പരിശോധിക്കുമെന്നായിരുന്നു സിംഗിൾ ബെ‌ഞ്ച് ഉത്തരവ്. ഓഡിറ്റുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകൾ ആവശ്യപ്പെട്ട് എ.പി.ജെ അബ്ദുൽകലാം സാങ്കേതിക സർവകലാശാല ഡീൻ ഡോ. വിനു തോമസ് നൽകിയ ഹർജിയിലാണ് ഉത്തരവ്. അരുണിന് പ്രവൃത്തി പരിചയമില്ലെന്നും നിയമനത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടായെന്നുമായിരുന്നു ഹർജിയിലെ ആരോപണം. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഐ.എച്ച്.ആർ.ഡിയും അപ്പീൽ നൽകിയിട്ടുണ്ട്.