ഫെയ്സ്‌ക്രീം മാറ്റിവച്ചതിലെ ദേഷ്യം; അമ്മയുടെ വാരിയെല്ലൊടിച്ച മകൾ അറസ്റ്റിൽ

Saturday 24 January 2026 12:37 AM IST

കൊച്ചി: ഫെയ്‌സ്ക്രീം എടുത്തുമാറ്റിവച്ചതിന്റെ ദേഷ്യത്തിൽ അമ്മയെ കമ്പിപ്പാരകൊണ്ട് അടിച്ച് വാരിയെല്ലൊടിച്ച മകൾ അറസ്റ്റിൽ. കുമ്പളം പനങ്ങാട് തിട്ടയിൽ വീട്ടിൽ നിവ്യയാണ് (30) പനങ്ങാട് പൊലീസിന്റെ പിടിയിലായത്. വയനാട് മാനന്തവാടിയിലുള്ള ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ കഴിയവേയാണ് അറസ്റ്റ്. 2020ൽ യുവാവിനെ അടിച്ചുകൊന്നതിലും കിഡ്‌നാപ്പിംഗ് കേസിലും പ്രതിയാണ് നിവ്യ.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 6 ഓടെയാണ് നിവ്യ മാതാവ് സരസുവിനെ ഫേസ്ക്രീം എടുത്തുമാറ്റിയെന്ന് ആരോപിച്ച് മർദ്ദിച്ചത്. സരസുവിന്റെ കഴുത്തിൽ കുത്തിപ്പിടിക്കുകയും കരണത്തടിക്കുകയും ചെയ്തു. ഫേസ്‌ക്രീം എടുത്തിട്ടില്ലെന്ന് പറഞ്ഞതോടെ ചവിട്ടിനിലത്തിട്ടു. തുടർന്ന് കമ്പിപ്പാരകൊണ്ട് കൈയിലും നെഞ്ചിലും ആഞ്ഞടിച്ചു. കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ സരസുവിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ച പനങ്ങാട് പൊലീസ് സരസുവിന്റെ മൊഴിയും രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.

ഇതിനിടെ,നിവ്യ സ്ഥലംവിട്ടതോടെ പൊലീസ് വ്യപകമായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈൽടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ വയനാട് മാനന്തവാടിയിലുള്ള ബന്ധുവിന്റെ വീട്ടിൽ നിന്ന് നിവ്യയെ പനങ്ങാട് എസ്.ഐ മുനീറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ ഓടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് വൈകിട്ടോടെ കൊച്ചിയിലെത്തിച്ച നിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തടഞ്ഞുവച്ച് മർദ്ദിക്കുക,ആയുധം ഉപയോഗിച്ച് ആക്രമിക്കുക,കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക എന്നീ വകുപ്പുകൾ ചുമത്തിയാണ് നിവ്യയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. സരസുവിന് 2 മക്കളാണുള്ളത്. മൂത്തമകൾ വിവാഹശേഷം ഭർത്താവിനൊപ്പമാണ്. നിവ്യ ഭർത്താവുമായി അകന്നു കഴിയുകയാണ്. പരിക്ക് പറ്റിയ സരസു നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്.

ആദ്യം റൗഡി,

പിന്നെ കാപ്പ

നിവ്യയെ പനങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ലിസ്റ്റിൽ ഉൾപ്പെടുത്തും. ഇതിനുശേഷം ഇവർക്കെതിരെ കാപ്പ ചുമത്തണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് ബന്ധപ്പെട്ടവർക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകക്കേസിലും കിഡ്നാപ്പിംഗ് കേസിലും നേരത്തെ ഉൾപ്പെട്ട സാഹചര്യത്തിലാണിത്.