നഗരങ്ങളുടെ വികസനത്തിന് വൻനിക്ഷേപം:പ്രധാനമന്ത്രി #തെരുവ് കച്ചവടക്കാർക്കും കേന്ദ്രത്തിന്റെ ക്രെഡിറ്റ് കാർഡ്

Saturday 24 January 2026 1:38 AM IST

തിരുവനന്തപുരം: നഗരങ്ങളുടെ വികസനത്തിന് കേന്ദ്രം വലിയ നിക്ഷേപം നടത്തിവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ദരിദ്രരുടെ ക്ഷേമത്തിനായുള്ള പി.എം സ്വാനിധി ക്രെഡിറ്റ് കാർഡ് വിതരണം കേരളത്തിൽ നിന്ന് ആരംഭിക്കുകയാണ്. തെരുവ് കച്ചവടക്കാർക്കും ഉന്തുവണ്ടി കച്ചവടക്കാർക്കും തട്ടുകടക്കാർക്കും ഗുണകരമാണിത്. പദ്ധതിയിലൂടെ ലക്ഷക്കണക്കിന് തെരുവുകച്ചവടക്കാർക്ക് ആദ്യമായി ബാങ്ക് വായ്പ ലഭിച്ചു.

കേരളത്തിലെ 10,000 ഗുണഭോക്താക്കൾക്കും തിരുവനന്തപുരത്തെ 600ലേറെ പേർക്കും പി.എം സ്വാനിധി ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്തു.

വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മൂന്ന് അമൃത്‌ഭാരത് ട്രെയിനുകളുടെയും ഒരു പാസഞ്ചർ ട്രെയിനിന്റെയും ഫ്ലാഗ്ഓഫും പുത്തരിക്കണ്ടം മൈതാനത്ത് നിർവഹിക്കുകയായിരുന്നു മോദി.

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമ്മിച്ച നാലുകോടിയിലേറെ വീടുകളിൽ ഒരുകോടിയിലേറെ നൽകിയത് നഗരങ്ങളിലെ പാവപ്പെട്ടവർക്കാണ്. കേരളത്തിൽ നഗരങ്ങളിലെ 1.25ലക്ഷം ദരിദ്രകുടുംബങ്ങൾക്കാണ് വീടുകൾ ലഭിച്ചത്.

പട്ടികവിഭാഗക്കാർക്കും ഒ.ബി.സിക്കാർക്കും സ്ത്രീകൾക്കും മത്സ്യത്തൊഴിലാളികൾക്കും എളുപ്പത്തിൽ ബാങ്ക് വായ്പകൾ ലഭ്യമാകുന്നു. ഈട് നൽകാനില്ലാത്തവർക്ക് കേന്ദ്രസർക്കാർ ഈടുനിൽക്കുന്നു.

ദരിദ്രരുടെ വൈദ്യുതിചിലവ് കുറയ്ക്കാൻ പി.എം സൂര്യഘർ മുഫ്ത് ബിജ്ലി പദ്ധതി നടപ്പാക്കി. ആയുഷ്മാൻ ഭാരതിലൂടെ പാവപ്പെട്ടവർക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കുന്നു. സ്ത്രീകളുടെ ആരോഗ്യ സുരക്ഷയ്ക്ക് മാതൃവന്ദന പദ്ധതിയുണ്ട്. വാർഷികവരുമാനം 12 ലക്ഷം വരെയുള്ളവരെ ആദായനികുതിയിൽ നിന്നൊഴിവാക്കിയത് കേരളത്തിലെ മധ്യവർഗത്തിനും ശമ്പളക്കാർക്കും ഗുണമായി. അമൃത് ഭാരത് എക്സ് പ്രസ് ട്രെയിനുകൾ വരുന്നതോടെ റെയിൽ കണക്ടിവിറ്റി ശക്തിപ്പെടും. ടൂറിസത്തിനും ഗുണമാണ്. ഗുരുവായൂർ-തൃശൂർ പാസഞ്ചർ ട്രെയിൻ തീർത്ഥാടകരുടെ യാത്ര സുഗമമാക്കും. ഈ പദ്ധതികളെല്ലാം കേരളത്തിന്റെ വികസനത്തിന് വേഗത കൂട്ടുമെന്ന് മോദി പറഞ്ഞു.

സംസ്ഥാന വികസനത്തിനായുള്ള പദ്ധതികൾ പ്രധാനമന്ത്രി തുടക്കമിടുന്നതിൽ സന്തോഷമുണ്ടെന്നും മറ്റ് മേഖലകളിലെ ആവശ്യങ്ങളും പരിഗണിക്കണമെന്നും സ്വാഗതമാശംസിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗവർണർ ആർ.വി.ആർലേക്കർ, കേന്ദ്രമന്ത്രിമാരായ വി.സോമണ്ണ, ജോർജ് കുര്യൻ, മന്ത്രി എം.ബി.രാജേഷ്, മേയർ വി.വി.രാജേഷ്, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുത്തു.