സംസ്ഥാനത്ത് നീതികാത്ത് 20.48 ലക്ഷം കേസുകൾ
കോട്ടയം : ഹൈക്കോടതി ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ കോടതികളിൽ നീതി കാത്ത് കിടക്കുന്ന കേസുകളുടെ എണ്ണം ഉയരുന്നു. നാഷണൽ ജുഡിഷ്യൽ ഡേറ്റാ ഗ്രിഡിന്റെ കണക്ക് പ്രകാരം കഴിഞ്ഞ വർഷം ഈ സമയം 19.92 ലക്ഷം കേസുകളായിരുന്നെങ്കിൽ ഇപ്പോഴത് 20.48 ലക്ഷമായി. ഹൈക്കോടതിയിൽ 2.59 ലക്ഷവും ജില്ലാ, മജിസ്‌ട്രേട്ട്, മുൻസിഫ് കോടതികളിൽ 17.88 ലക്ഷവും കേസുകളാണുള്ളത്. കഴിഞ്ഞ വർഷം ഹൈക്കോടതിയിൽ 2.52 ലക്ഷവും കീഴ്ക്കോടതികളിൽ 17.39 ലക്ഷം കേസുകളുമായിരുന്നു കെട്ടിക്കിടന്നത്. പത്തുവർഷത്തിലധികം പഴക്കമുള്ള 89577 കേസുകളാണുള്ളത്. ഇതിൽ 41364 കേസുകൾ ഹൈക്കോടതിയിലും 39399 കേസുകൾ കീഴ്‌ക്കോടതികളിലുമാണ്. കീഴ്‌ക്കോടതികളിൽ തീർപ്പാക്കേണ്ടവയിൽ കൂടുതലും ക്രിമിനൽ കേസുകളാണ്. 12.46 ലക്ഷം ക്രിമിനൽ കേസുകളും 5.41 ലക്ഷം സിവിൽ കേസുകളും.
മുന്നിൽ തിരുവനന്തപുരം
തീർപ്പാക്കാനുള്ള കേസുകളുടെ എണ്ണത്തിൽ മുന്നിൽ തിരുവനന്തപുരവും, പിന്നിൽ വയനാടുമാണ്. തിരുവനന്തപുരത്തെ കോടതികളിൽ 90516 സിവിലും 262298 ക്രിമിനലുമായി 3.52ലക്ഷം കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. വയനാട് 7054 സിവിലും, 21907 ക്രിമിനലുമായി 28,961 കേസുകളാണ് തീർപ്പാക്കാനുള്ളത്.
ദിനംപ്രതി കൂടുന്നു
ദിനംപ്രതി ഫയൽ ചെയ്യുന്ന കേസുകളുടെ എണ്ണം വർദ്ധിക്കുന്നതാണ് തീർപ്പാക്കാൻ ശ്രമം ഊർജ്ജിതമാക്കുമ്പോഴും പ്രധാനവെല്ലുവിളി. ഓൺലൈൻ വിചാരണ ആരംഭിച്ചതും പ്രതികളെ വെർച്വലായി വിസ്തരിക്കുന്നതും ഗുണകരമാകുന്നുണ്ട്.
ജില്ല, സിവിൽ, ക്രിമിനൽ, ആകെ ക്രമത്തിൽ
കൊല്ലം : 44227, 134457- 178684
ആലപ്പുഴ : 37996, 55382- 93378
പത്തനംതിട്ട : 21472,53064-74536
കോട്ടയം : 29876,39707-69583
ഇടുക്കി : 12,416, 43106-55522
എറണാകുളം : 63554, 2,40958-304512
തൃശൂർ : 81163, 122828-203991
പാലക്കാട് : 42989, 65186-108175
മലപ്പുറം : 31446,73955-105401
വയനാട് : 7054, 21907-28961 കോഴിക്കോട് : 38088, 68668-106756
കണ്ണൂർ : 32716, 45312- 78028
കാസർകോട് : 8476, 19238- 27714