മോദിയുടെ മനം കവർന്ന് സിദ്ധാർത്ഥിന്റെ ചിത്രം സദസിൽ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി ഏറ്റുവാങ്ങി

Saturday 24 January 2026 1:39 AM IST

തിരുവനന്തപുരം: വർണത്തലപ്പാവ് അണിഞ്ഞുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം. വ്യാഴാഴ്ച രാത്രി രണ്ടുമണിക്കൂറെടുത്ത് ആറാംക്ളാസുകാരൻ സിദ്ധാർത്ഥ് വരച്ചത്. ഇന്നലെ പുത്തരിക്കണ്ടം മൈതാനത്ത് തിരുവനന്തപുരം നഗരസഭാ വിജയാഘോഷ സമ്മേളനത്തിൽ മോദി പ്രസംഗിക്കുമ്പോൾ തിങ്ങിനിറഞ്ഞ സദസിൽ സിദ്ധാർത്ഥ് എണീറ്റു നിന്ന് ആ ചിത്രം ഉയർത്തിക്കാട്ടി. മോദിയുടെ മനംകവർന്ന അപൂർവ നിമിഷമായി അത് മാറി. ചിത്രം മോദി ഏറ്റുവാങ്ങി. സിദ്ധാർത്ഥിന് അഭിമാനവും സന്തോഷവും.

തന്റെ ചിത്രം ഉയർത്തിപ്പിടിച്ചു നിൽക്കുന്ന കുട്ടിയെ കണ്ട് പ്രസംഗം അല്പനേരം നിറുത്തി മോദി പറഞ്ഞു. "സദസിൽ നിന്ന് ഒരു കുട്ടി കുറേനേരമായി ചിത്രം കാണിക്കുന്നു. നിന്റെ കൈ വേദനിക്കും. ചിത്രത്തിന് പിറകിൽ നിന്റെപേരും മേൽവിലാസവും കൂടി എഴുതി എസ്.പി.ജിക്കാരെ ഏൽപ്പിക്കുക. ഞാൻ നിനക്ക് സമ്മാനവും കത്തുമയയ്ക്കാം. നിനക്ക് എല്ലാ ആശിർവാദവും നേരുന്നു. നിങ്ങളുടെ സ്നേഹം ഞാൻ തിരിച്ചറിയുന്നു". മോദിയുടെ വാക്കുകൾക്ക് സദസിൽ നിലയ്ക്കാത്ത കരഘോഷം.

ആ കുട്ടി കൊണ്ടുവന്നത് വെറുമൊരു ചിത്രമല്ലെന്നും അതിൽ സ്നേഹവും അനുഗ്രഹവുമുണ്ടെന്നും പറഞ്ഞ മോദി, അത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. താൻ പോകുന്നിടത്തെല്ലാം സ്നേഹസമ്മാനങ്ങളുമായി കുട്ടികളും മുതിർന്നവരുമെത്താറുണ്ട്. അവരുടെ കൈയിൽ നിന്ന് അവ വാങ്ങാറുമുണ്ട്. പിന്നീട് ഇവ ട്രോളുകളായി എത്താറുണ്ടെങ്കിലും താനത് ശ്രദ്ധിക്കാറില്ല. ജനങ്ങളുടെ സ്നേഹം കണ്ടില്ലെന്ന് നടിക്കാനാവില്ല- മോദി പറഞ്ഞു.

അച്ഛനൊപ്പമാണ് തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂളിലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥ് ചിത്രവുമായി ചടങ്ങിനെത്തിയത്. തിരുവനന്തപുരം പെരുന്താന്നി ശ്രീചിത്ര നഗർ രുഗ്മിണി ഹൗസിൽ ശ്രീജിത്തിന്റെയും രേഷ്മ ആർ.നായരുടെയും മകനാണ്.

ആദ്യ പോട്രെയ്‌റ്റ്

നാലുവയസ് മുതൽ ചിത്രങ്ങൾ വരയ്ക്കുന്ന സിദ്ധാർത്ഥിന്റെ ആദ്യ പോട്രെയ്‌റ്റ് ആണ് പ്രധാനമന്ത്രിയുടേത്. സാധാരണ പ്രകൃതിദൃശ്യങ്ങളും മറ്റും വരയ്ക്കാറുള്ള സിദ്ധാർത്ഥ്, പ്രധാനമന്ത്രിക്ക് സമ്മാനിക്കാനാണ് എ ത്രീ പേപ്പറിൽ പെൻസിൽ ഉപയോഗിച്ച് ഔട്ട്‌ലൈൻ തയ്യാറാക്കി കളർ ചെയ്ത് അദ്ദേഹത്തിന്റെ ചിത്രം തയ്യാറാക്കിയത്. തന്റെ കരിയറിലെ ആദ്യ പോട്രെയ്‌റ്റ് തന്നെ പ്രധാനമന്ത്രി ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് സിദ്ധാർത്ഥ്. സംസ്കൃത് ആണ് സിദ്ധാർത്ഥിന്റെ സഹോദരൻ.