സ്വീകരിച്ചത് മുഖ്യമന്ത്രിയും ഗവർണറും ചേർന്ന്

Saturday 24 January 2026 1:43 AM IST

തിരുവനന്തപുരം: പ്രത്യേക വിമാനത്തിൽ ടെക്നിക്കൽ ഏരിയയിൽ രാവിലെ 10.30നെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആർ.വി.ആർലേക്കറും സ്വീകരിച്ചു. പുത്തരിക്കണ്ടം മൈതാനം വരെ റോഡിന്റെ ഇരുഭാഗത്തും തടിച്ചുകൂടിയ പ്രവർത്തകരെ അഭിവാദ്യം ചെയ്തു.

പുത്തരിക്കണ്ടം മൈതാനത്തെ ആദ്യവേദിയിൽ ഇന്നവേഷൻ ടെക്‌നോളജി ആൻഡ് ഓൺട്രപ്രണേർഷിപ് ഹബ്ബിന്റെ തറക്കല്ലിടൽ, ശ്രീചിത്രയിലെ റേഡിയോ ചികിത്സാസെന്ററിന്റെ തറക്കല്ലിടൽ, മൂന്ന് അമൃത് ഭാരത് ട്രെയിനുകളുടെയും ഗുരുവായൂർ- തൃശൂർ പാസഞ്ചർ ട്രെയിനിന്റേയും ഫ്ളാഗ് ഓഫ്, പി.എം സ്വനിധി പദ്ധതിപ്രകാരം ഒരുലക്ഷം ഗുണഭോക്താക്കൾക്കുള്ള വായ്പ- ക്രെഡിറ്റ് കാർഡ് വിതരണോദ്ഘാടനം, പൂജപ്പുരയിലെ പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ തറക്കല്ലിടൽ എന്നിവ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ഉച്ചയ്ക്ക് ഒന്നേകാലോടെ പ്രധാനമന്ത്രി ചെന്നൈയിലേക്ക് പോയി.