പ്രതിവര്‍ഷം 35,000 കോടിയുടെ ഇടപാട്, വമ്പന്‍ മാറ്റത്തിനൊരുങ്ങി കൊച്ചി വിമാനത്താവളം

Saturday 24 January 2026 12:01 AM IST

നെടുമ്പാശേരി: കേരളത്തിന്റെ കാര്‍ഗോ ഹബ്ബാക്കി കൊച്ചി രാജ്യാന്തര വിമാനത്താവളത്തെ(സിയാല്‍) ഉയര്‍ത്താന്‍ വിപുലമായ പദ്ധതികള്‍ നടപ്പാക്കുന്നു. സംസ്ഥാനത്ത് പ്രതിവര്‍ഷം നടക്കുന്ന 35,000 കോടി രൂപയുടെ കാര്‍ഗോ ഇടപാടുകളില്‍ 57 ശതമാനം കൊച്ചി വിമാനത്താവളവും കൊച്ചി തുറമുഖവും വഴിയാണ്. സംസ്ഥാനത്തെ എയര്‍ കാര്‍ഗോയില്‍ 60 ശതമാനവും കോയമ്പത്തൂര്‍, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കാര്‍ഗോയിലധികവും കൊച്ചി വിമാനത്താവളം വഴിയാണെന്ന് സിയാല്‍ കാര്‍ഗോ വിഭാഗം മേധാവി സതീഷ് കുമാര്‍ പൈ പറഞ്ഞു.

കോയമ്പത്തൂര്‍ വിമാനത്താവളം ഉണ്ടെങ്കിലും സൗകര്യം പരിമിതമാണ്. നെടുമ്പാശേരി റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ അധിക കാര്‍ഗോ കൈകാര്യം ചെയ്യാന്‍ സൗകര്യം വേണ്ടിവരും.

യൂറോപ്പിലേക്കുള്ള കയറ്റുമതി നിബന്ധനകളെ കുറിച്ച് അവബോധം നല്‍കുന്നതിന് പാക്ക് ഹൗസ് സ്ഥാപിക്കും. ലോജിസ്റ്റിക് പാര്‍ക്ക്, സ്വതന്ത്ര വ്യാപാര മേഖല എന്നിവയും ആലോചിക്കുന്നു. കൊച്ചിയില്‍ നിന്നുള്ള മരുന്ന് കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ഫാര്‍മ സര്‍ട്ടിഫിക്കേഷന് ശ്രമിക്കുന്നു. തപാല്‍ വകുപ്പുമായി കൈകോര്‍ത്ത് ചെറുകിട കര്‍ഷകരുടെ ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കും. നെടുമ്പാശേരിയിലെ മികച്ച കാര്‍ഗോ സ്ഥാപനങ്ങളെ എല്ലാവര്‍ഷവും ആദരിക്കും.

സിയാലിലൂടെ വളര്‍ത്തുമൃഗങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും ഗണ്യമായി കൂടുകയാണ്. ഇതിന് അനുമതിയുള്ള രാജ്യത്തെ ഏഴ് എയര്‍പോര്‍ട്ടുകളിലൊന്ന് സിയാലാണെന്ന് പബ്ലിക് റിലേഷന്‍സ് ഓഫീസറും അസി. ജനറല്‍ മാനേജരുമായ പി.എസ്. ജയന്‍ പറഞ്ഞു.

കാര്‍ഗോ ബിസിനസ് സമ്മിറ്റ് ജനുവരി 31 മുതല്‍

ഫിക്കിയുമായി സഹകരിച്ച് സിയാല്‍ സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ ഇന്റര്‍നാഷണല്‍ കാര്‍ഗോ ബിസിനസ് സമ്മിറ്റ് ജനുവരി 31 മുതല്‍ ഫെബ്രുവരി ഒന്ന് വരെ നടക്കും. കാര്‍ഗോയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചകള്‍ ചെയ്യും. ഫെബ്രുവരി ഒന്നിന് രാവിലെ 11.30ന് നടക്കുന്ന പ്ലീനറി സെഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ്, സിയാല്‍ എം.ഡി എസ്. സുഹാസ് എന്നിവര്‍ പങ്കെടുക്കും. വിവിധ സ്ഥാപനങ്ങളുടെ സ്റ്റാളുകളുമായി പ്രദര്‍ശനവും സമ്മിറ്റിന്റെ ഭാഗമായി നടക്കും. ബിസിനസ് സമ്മിറ്റില്‍ പങ്കെടുക്കുന്നതിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.