സാധനം കിട്ടാനില്ലെന്ന് കര്‍ഷകര്‍, ഇങ്ങനെപോയാല്‍ ചായകുടിക്ക് ചെലവ് കൂടും

Saturday 24 January 2026 12:08 AM IST

കല്ലറ: കനത്ത ചൂടില്‍ പച്ചപ്പുല്ലിന് കടുത്ത ക്ഷാമം നേരിട്ടതോടെ,ക്ഷീരകര്‍ഷര്‍ പ്രതിസന്ധിയില്‍. പാല്‍ ലഭ്യതയിലെ കുറവാണ് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നത്. ദിവസം 20കിലോ പച്ചപ്പുല്ലെങ്കിലും ഒരു കറവപ്പശുവിന് വേണമെന്നാണ് മൃഗസംരക്ഷകര്‍ പറയുന്നത്. തരിശിടങ്ങളിലെ തീപിടിത്തവും പച്ചപ്പുല്ലിന്റെ ലഭ്യതയില്‍ കുറവ് വരുത്തുന്നു. പ്രതിസന്ധികളുടെ നടുവില്‍ കാലിത്തീറ്റ വില ഒരു വര്‍ഷത്തിനിടെ 25 ശതമാനത്തോളമാണ് വര്‍ദ്ധിച്ചത്.കന്നുകാലികളെ വിറ്റഴിക്കാമെന്ന് കരുതിയാല്‍ വാങ്ങാനും ആളില്ല. ചൂട് കൂടിയതോടെ പശുക്കളെ കുളിപ്പിക്കാനും മറ്റാവശ്യങ്ങള്‍ക്കും വെള്ളമില്ലാത്ത അവസ്ഥയാണ്.

കാരണം

ഒരു കറവപ്പശുവിന് ഒരു ദിവസത്തേക്ക് ഏറ്റവും കുറഞ്ഞത് 250 ലിറ്റര്‍ ശുദ്ധജലം വേണം. അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിക്കുന്നതിനനുസരിച്ച് കറവമാടുകളുടെ ശരീരോഷ്മാവ് ക്രമീകരിക്കുന്നതിനായി ശ്വാസനിരക്കും വിയര്‍പ്പും കൂടും. വേനല്‍ക്കാലത്തുള്ള തീറ്റയുടെ അളവില്‍ വരുന്ന കുറവും തീറ്റയുടെ ഗുണനിലവാരക്കുറവും പാലുത്പാദനത്തെ സാരമായി ബാധിക്കുന്നതോടൊപ്പം പാലിലെ ഘടകങ്ങളായ കൊഴുപ്പ്,എസ്.എന്‍.എഫ്,ലാക്റ്റോസ് എന്നിവയും കുറയുന്നു.

വേണം കരുതല്‍

1. മാംസ്യത്തിന്റെയും ഊര്‍ജ്ജദായകമായ കൊഴുപ്പിന്റെയും അളവ് കൂട്ടണം,നാരിന്റെ അംശം കുറയ്ക്കണം. പരുത്തിക്കുരു,സോയാബീന്‍ എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്താം

2.പച്ചപ്പുല്ലിന് പകരം പച്ചിലകള്‍, ഈര്‍ക്കില്‍ കളഞ്ഞ പച്ച ഓല തുടങ്ങിയവയും നല്‍കാം.

3. തൊഴുത്തിന്റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ ചാക്ക്,വൈക്കോല്‍ എന്നിവ നിരത്തി വെള്ളം തളിക്കണം.തൊഴുത്തിനു ചുറ്റും തണല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുക. ദിവസേന ഒന്നോ രണ്ടോ പ്രാവശ്യം പശുക്കളെ കുളിപ്പിക്കുക, തൊഴുത്തില്‍ ഫാനിടുക.

5. രാവിലെ 10 മുതല്‍ വൈകിട്ട് 5വരെ വെയിലത്ത് കെട്ടിയിടരുത്.ശുദ്ധജലം യഥേഷ്ടം കുടിക്കാന്‍ കൊടുക്കണം.

6.മറ്റു സമയങ്ങളില്‍ നല്‍കുന്ന വെള്ളത്തിന്റെ അളവില്‍ ഒന്നു മുതല്‍ രണ്ട് മടങ്ങുവരെ വര്‍ദ്ധിപ്പിക്കണം