അഗണനയുടെ ട്രാക്കിൽ പുത്തൻതെരുവ് സ്റ്റേഡിയം
തഴവ : കുലശേഖരപുരം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പുത്തൻതെരുവ് സ്റ്റേഡിയം അധികൃതരുടെ അനാസ്ഥയെത്തുടർന്ന് നശിക്കുന്നു. 1992 മുതൽ തഴവ, കുലശേഖരപുരം പഞ്ചായത്തുകളിലെയും കരുനാഗപ്പള്ളി നഗരസഭയിലെയും കായികപ്രേമികളുടെ പ്രധാന ആശ്രയകേന്ദ്രമായിരുന്ന സ്റ്റേഡിയമാണ് ഇന്ന് കാടുപിടിച്ച് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നത്.
തടസമായി വാട്ടർ ടാങ്കും പമ്പ് ഹൗസും
- ദേശീയപാതയിൽ പുത്തൻതെരുവ് ജംഗ്ഷന് സമീപം ഒരേക്കർ ആറ് സെന്റ് ഭൂമിയിലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്.
- മുൻപ് കേരളോത്സവം ഉൾപ്പെടെയുള്ള കായിക മത്സരങ്ങൾക്ക് വേദിയായിരുന്ന ഇവിടെ, കായിക വിനോദങ്ങൾക്ക് തടസമാകുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് വിവിധ ഭരണസമിതികൾ അനുമതി നൽകിയത്.
- ജല അതോറിട്ടിയുടെ കൂറ്റൻ വാട്ടർ ടാങ്ക്, പമ്പ് ഹൗസ്, കിണർ, ഓപ്പറേറ്റർ റൂം എന്നിവ സ്റ്റേഡിയത്തിനുള്ളിൽ സ്ഥാപിച്ചത് കായിക പരിശീലനത്തെ സാരമായി ബാധിച്ചു.
- ഇതിനുപുറമെ, അതോറിട്ടിയുടെ പൈപ്പുകളും നിർമ്മാണ സാമഗ്രികളും ഇവിടെ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയാണ്.
തെരുവ് നായ്ക്കളുടെയും സാമൂഹ്യവിരുദ്ധരും
സ്റ്റേഡിയം കാടുപിടിച്ചതോടെ തെരുവ് നായ്ക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമായി മാറി. മദ്യപാനത്തിനും മയക്കുമരുന്ന് കൈമാറ്റത്തിനുമായി ഇവിടം ഉപയോഗിക്കുന്നത് സമീപവാസികൾക്കും യാത്രക്കാർക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. അന്യസംസ്ഥാന ഭിക്ഷാടന മാഫിയയുടെ സാന്നിദ്ധ്യവും ഇവിടെ പതിവാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
പദ്ധതികൾ പ്രഖ്യാപനത്തിലൊതുങ്ങി
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി സാംസ്കാരിക സമുച്ചയം നിർമ്മിക്കുന്നതിനായി 50 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിരുന്നെങ്കിലും ഭൂമി സംബന്ധമായ തർക്കങ്ങളെത്തുടർന്ന് പദ്ധതി ഉപേക്ഷിക്കപ്പെട്ടു. 2007-ൽ ലൈബ്രറി ഹാൾ നിർമ്മിക്കുന്നതിനായി സ്റ്റേഡിയത്തിന്റെ ഹൃദയഭാഗത്തുനിന്ന് അഞ്ച് സെന്റ് ഭൂമി ലൈബ്രറി കൗൺസിലിന് വിട്ടുനൽകിയിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം തുടങ്ങുകയോ, ആ ഭൂമി തിരിച്ചുപിടിക്കാനോ അധികൃതർ തയ്യാറായിട്ടില്ല. പഴയകാല പ്രതാപം വീണ്ടെടുത്ത്, സ്റ്റേഡിയം ആധുനിക സൗകര്യങ്ങളോടു കൂടിയ കായിക പരിശീലന കേന്ദ്രമാക്കി മാറ്റുവാൻ പുതിയ ഭരണസമിതിയെങ്കിലും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കായിക പ്രേമികളുടെയും നാട്ടുകാരുടെയും ആവശ്യം.
.