കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
തഴവ: കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനും അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ഓഫീസിനുമായി നിർമ്മിച്ച പുതിയ കെട്ടിട സമുച്ചയം ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിക്കും. സി.ആർ മഹേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. ജില്ലാ പൊലീസ് മേധാവി കിരൺ നാരായണൻ ആമുഖ പ്രഭാഷണം നടത്തും. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. എം.പിമാരായ കെ.സി.വേണുഗോപാൽ, എൻ.കെ.പ്രേമചന്ദ്രൻ, ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി എന്നിവർ മുഖ്യാതിഥികളാകും.
ദേശീയപാത വികസനത്തിന്റെ ഭാഗമായി പഴയ പോലീസ് സ്റ്റേഷൻ മന്ദിരം പൊളിച്ചുമാറ്റേണ്ടി വന്ന സാഹചര്യത്തിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. നിലവിലെ കൺട്രോൾ സ്റ്റേഷന് തെക്കുഭാഗത്തായി 5000 സ്ക്വയർ ഫിറ്റിൽ രണ്ടു നിലകളിലായാണ് മന്ദിരം ഒരുങ്ങുന്നത്. താഴത്തെ നില പൂർണ്ണമായും പൊലീസ് സ്റ്റേഷൻ ആവശ്യങ്ങൾക്കായി വിനിയോഗിക്കും. സ്റ്റേഷൻ ഹൗസ് ഓഫീസർ, എസ്.ഐമാർ എന്നിവരുടെ കാര്യാലയങ്ങൾ, വയർലെസ് - കമ്പ്യൂട്ടർ റൂമുകൾ എന്നിവ താഴത്തെ നിലയിൽ പ്രവർത്തിക്കും. എ.സി.പി ഓഫീസും അനുബന്ധ സൗകര്യങ്ങളും ഒന്നാം നിലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
ദേശീയപാത നിർമ്മാണത്തിനായി പഴയ കെട്ടിടം പൊളിച്ചെങ്കിലും, നിലവിൽ സ്റ്റേഷൻ പ്രവർത്തിച്ചുവരുന്ന ജനമൈത്രി സ്റ്റേഷൻ മന്ദിരവും എ.സി.പി ഓഫീസിന്റെ അവശേഷിക്കുന്ന ഭാഗവും പോലീസ് സ്റ്റേഷന്റെ ഭാഗമായിത്തന്നെ തുടർന്നും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.