ലഹരി​ പുനരധി​വാസം ഇനി​ 'പ്രതീക്ഷ'യിൽ

Saturday 24 January 2026 12:44 AM IST

ലഹരിക്ക് അടിപ്പെട്ടവരെ പുനരധിവസിപ്പിക്കും

കൊല്ലം: ജില്ലാ പ്രൊബേഷൻ ഓഫീസിന്റെയും ജില്ലാ നിയമ സേവന അതോറിട്ടി​യുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരി പുനരധിവാസ പദ്ധതിയായ 'പ്രതീക്ഷ'യ്ക്ക് ജി​ല്ലയി​ൽ തുടക്കമായി​.

നിയമം ശിക്ഷ നൽകാനുള്ള ഉപകരണം മാത്രമല്ലെന്നും പുനരധിവാസത്തിനും തിരുത്തലിനുമുള്ള മാർഗമാണെന്നും വാദിച്ച ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യരോടുള്ള ആദരസൂചകമായിട്ടാണ് ജില്ലയിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ലഹരി പുനരധിവാസ പദ്ധതിക്ക് തുടക്കം കുറിച്ചത്. ലഹരി പദാർഥങ്ങളുടെ ഉപയോഗം, വ്യാപനം എന്നിവയുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന 18- 25 വയസി​ൽ ഉൾപ്പെട്ടതോ 25 വയസി​നു മുകളിൽ ഉള്ളതോ ആയവരെ കണ്ടെത്തി പുനരധിവസിപ്പിക്കും. കുറ്റവാളികളെ തിരുത്തി നല്ല പൗരന്മാരാക്കാനുള്ള പ്രൊബേഷൻ പ്രവർത്തനത്തിന്റെ അടിസ്ഥാന തത്വത്തിലൂന്നിയാവും പ്രവർത്തനം.

എക്സൈസ്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ആദ്യഘട്ടത്തിൽ ഓരോ ജില്ലയിലും 50 യുവ കുറ്റവാളികളെ വീതം പദ്ധതിയിലൂടെ പുനരധിവസിപ്പിക്കും. നിലവിൽ സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ എക്സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതിക്ക് കീഴിൽ പുനരധിവസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ പദ്ധതി വിപുലീകരിക്കുന്ന ഘട്ടത്തിൽ ആവശ്യമെങ്കിൽ മറ്റ് എൻ.ജി.ഒകളുടെ സഹായങ്ങളും തേടും.

ആദ്യം കൗൺ​സലിംഗ്

പ്രൊബേഷൻ മുൻപാകെ എത്തുന്ന വ്യക്തിയെ ആദ്യം കൗൺസലിംഗിന് വിധേയമാക്കും തുടർന്ന് ആവശ്യമുള്ള ചികിത്സ നടപടിയിലേക്ക് നങ്ങങ്ങും. മുന്നോട്ടുള്ള ഓരോ കാര്യങ്ങളും പുരോഗതിയും റിപ്പോർട്ട് ആയി സൂക്ഷിക്കും. വരുന്ന വ്യക്തിക്കൊപ്പം അടുത്ത ബന്ധമുള്ള ഒരാൾ ഉണ്ടായിരിക്കണം. പുനരധിവസത്തിന്റെ ഘട്ടങ്ങളിൽ തുടർ വിദ്യാഭ്യാസത്തിന് താത്പര്യം പ്രകടിപ്പിക്കുകയോ തൊഴിൽ നേടണമെന്ന് ആഗ്രഹി​ക്കുകയോ ചെയ്യുന്നവർക്ക് സഹായങ്ങൾ നൽകും.

.............................

 ആദ്യഘട്ടത്തിൽ ഓരോ ജില്ലയിലും 50 യുവ കുറ്റവാളികളെ വീതം പുനരധിവസിപ്പിക്കും

 വ്യക്തിയെ ആദ്യം കൗൺസലിംഗിന് വിധേയമാക്കും

 തുടർ വിദ്യാഭ്യാസത്തിനും തൊഴിൽ നേടുന്നതിനും അവസരമൊരുക്കും

...............................

ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം, വ്യാപനം എന്നിവയുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് തിരുത്തനൊരവസരം നൽകുന്നതോടൊപ്പം. അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുക കൂടി​യാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്

വി.എസ്.ഗീതു, പ്രൊബേഷൻ അസിസ്റ്റന്റ്