ദുർഗാകാമിക്ക് വിട

Saturday 24 January 2026 1:05 AM IST

കൊച്ചി : എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കുശേഷം ആരോഗ്യം വീണ്ടെടുക്കുന്നതിനിടെ വ്യാഴാഴ്ച രാത്രി മരണത്തിന് കീഴടങ്ങിയ നേപ്പാൾ സ്വദേശി ദുർഗാകാമിയുടെ (22) മൃതദേഹം സംസ്‌കരിച്ചു. രാജ്യത്ത് ആദ്യമായി ഒരു ജനറൽ ആശുപത്രിയിൽ നടന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ദുർഗാകാമി വ്യാഴാഴ്ച രാത്രി 10.05നാണ് മരണത്തിനു കീഴടങ്ങിയത്. ഇന്നലെ രാവിലെ ജനറൽ ആശുപത്രി മോർച്ചറിയിൽ നിന്ന് കളമശേരി നഗരസഭ പൊതുശ്മശാനത്തിനു സമീപത്തെ ഹാളിലെത്തിച്ചു. ഇവിടെ പ്രാർത്ഥനകൾക്കും മറ്റ് ചടങ്ങുകൾക്കും ശേഷം ഉച്ചയ്ക്ക് 12.30ന് സംസ്‌കരിച്ചു. ദുർഗയുടെ അനുജൻ തിലക് കാമി ചടങ്ങിൽ പങ്കെടുത്തു.

ഡിസംബർ 22നാണ് വാഹനാപകടത്തിൽ പരിക്കേറ്റ് മസ്തിഷ്‌കമരണം സംഭവിച്ച കൊല്ലം ചിറക്കര സ്വദേശി ഷിബുവിന്റെ (47) ഹൃദയം നാലരമണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ ദുർഗയിൽ തുന്നിച്ചേർത്തത്. 680 മണിക്കൂർ എക്മോ പിന്തുണയ്ക്കുശേഷം അത് മാറ്റാനായി ദുർഗയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. 24 മണിക്കൂർ നിരീക്ഷണത്തിനുശേഷം 21ന് വെന്റിലേറ്ററിൽ നിന്ന് മാറ്റി. പിന്നാലെ ആരോഗ്യനില മെച്ചപ്പെടുന്നുവെന്നും മസിലുകളുടെ ശേഷി വീണ്ടെടുക്കാൻ ഫിസിയോ തെറാപ്പി ആരംഭിച്ചെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തതോടെ ഏവരും വലിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ വ്യാഴാഴ്ച ഉച്ചയോടെ ദുർഗയുടെ ആരോഗ്യനില വഷളായി. ജീവൻ നിലനിറുത്താൻ തീവ്രശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. രാത്രിയോടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.