നിയമ ലംഘനം 5 കഴിഞ്ഞാൽ ലൈസൻസ് പോക്കാ! ചെലാൻ അടച്ചില്ലെങ്കിൽ വണ്ടിയും കസ്റ്റഡിയിലാകും
പുതിയഗതാഗത നിയമം പ്രാബല്യത്തിൽ
തിരുവനന്തപുരം: വർഷത്തിൽ അഞ്ചോ അതിലധികമോ നിയമലംഘനം നടത്തിയാൽ വാഹനം ഓടിക്കുന്ന ആളുടെ ലൈസൻസ് റദ്ദ് ചെയ്യും. തുടർച്ചയായി നിയമലംഘനം നടത്തുന്ന വാഹനത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി കോടതിയുടെ അനുവാദത്തോടെ മോട്ടോർ വാഹന വകുപ്പിന് കസ്റ്റഡിയിലെടുക്കാം.
കേന്ദ്രമോട്ടോർ വാഹന വകുപ്പ് അംഗീകരിച്ച പുതിയ ഗതാഗത നിയമത്തിലെ വ്യവസ്ഥകളാണിത്. ഈ ഭേദഗതികളോടെയുള്ള നിയമം പ്രാബല്യത്തിൽ വന്നു.
ആർ.ടി.ഒയ്ക്കാണ് കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ അധികാരം. ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനു മുൻപ് വാഹന ഉടമയുടെ ഭാഗം കേൾക്കണമെന്ന് പുതിയ ചട്ടത്തിലുണ്ട്.
ചെലാൻ ലഭിച്ച് 45 ദിവസത്തിനുള്ളിൽ തുക അടയ്ക്കണം. ഈ കാലാവധി നീട്ടി നൽകില്ല. ചെലാൻ സ്വീകരിക്കുകയോ അല്ലെങ്കിൽ ചോദ്യം ചെയ്യുകയോ ചെയ്യാം. പരാതിയുണ്ടെങ്കിൽ തെളിവുകൾ സഹിതം അപ്പീൽ നൽകാം. 45 ദിവസത്തിനുള്ളിൽ ചോദ്യം ചെയ്തില്ലെങ്കിൽ കുറ്റം സമ്മതിച്ചതായി കണക്കാക്കും. അങ്ങനെയുള്ളവർ 45 ദിവസം കഴിഞ്ഞുള്ള അടുത്ത 30 ദിവസത്തിനുള്ളിൽ തുക അടയ്ക്കണം.
പരാതി നൽകിയാൽ അത് 30 ദിവസത്തിനുള്ളിൽ തീർപ്പാക്കണം. പരാതി ശരിയാണെന്ന് കണ്ടാൽ ചെല്ലാൻ റദ്ദാക്കും.
പരാതി തള്ളുകയാണെങ്കിൽ, ഉത്തരവ് വന്ന് 30 ദിവസത്തിനുള്ളിൽ തുക അടയ്ക്കണം. വീണ്ടും കോടതിയെ സമീപിക്കണമെങ്കിൽ ചെല്ലാൻ തുകയുടെ 50% കെട്ടിവയ്ക്കണം.
പരാതി തള്ളിയിട്ടും 30 ദിവസത്തിനുള്ളിൽ തുക അടയ്ക്കുകയോ കോടതിയെ സമീപിക്കുകയോ ചെയ്തില്ലെങ്കിൽ, കുറ്റം സമ്മതിച്ചതായി കണക്കാക്കും. അടുത്ത 15 ദിവസത്തിനുള്ളിൽ തുക അടയ്ക്കുകയും വേണം. ട്രാൻസ്പോർട്ട് കമ്മിഷണർമാരുടെ യോഗത്തിൽ ഉയർന്നു വന്ന നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിയത്.
ചെലാൻ സംവിധാനം
സർക്കാർ ചുമതല
സംസ്ഥാന സർക്കാരിന് മാത്രമേ ഓട്ടോമെറ്റിക് ചെലാൻ സംവിധാനം ഏർപ്പെടുത്താൻ അധികാരമുള്ളൂ. മറ്റ് ഏജൻസികൾക്ക് അനുവാദമില്ല. നേരിട്ട് ചെലാൻ നൽകാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താനും സർക്കാരിന് അധികാരമുണ്ട്.
ചെലാൻ നൽകാനുള്ള സമയപരിധി:
നേരിട്ട് നൽകുന്നത് 15 ദിവസത്തിനുള്ളിൽ
ഇലക്ട്രോണിക് സംവിധാനം വഴി: 3 ദിവസത്തിനുള്ളിൽ (എസ്.എം.എസ്/ഇമെയിൽ).
ചെല്ലാൻ തുക അടയ്ക്കാതിരുന്നാൽ:
വാഹൻ, സാരഥിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും തടയും. നികുതി മാത്രമെ അടയ്ക്കാനാകൂ. ഇൻഷ്വറൻസ്, പുകപരിശോധന ഒന്നും സാധിക്കില്ല. വാഹനം പിടിച്ചെടുക്കേണ്ടതുണ്ടെന്ന് കോടതിക്ക് ബോധ്യപ്പട്ടാൽ അതിനും സാധിക്കും.