ശബരിമല ദേവപ്രശ്നം....... പരിഹാരക്രിയ നടത്തിയത്  പന്തളം കൊട്ടാരം മാത്രം

Saturday 24 January 2026 1:09 AM IST

പത്തനംതിട്ട: ശബരിമലയിൽ ശ്രദ്ധയോടെ പ്രവർത്തിച്ചില്ലെങ്കിൽ ദേവനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവർക്കും അപായവും മാനഹാനിയും ജയിൽവാസവും പ്രവചിച്ച ദേവപ്രശ്നത്തിൽ പരിഹാരക്രിയ നടത്തിയത് പന്തളം കൊട്ടാരം മാത്രം. 2014 ജൂൺ 18ന് കോഴിക്കോട് ചെറുവള്ളി നാരായണൻ നമ്പൂതിരി, കുറ്റനാട് രാവുണ്ണിപ്പണിക്കർ, തൃക്കന്നപ്പുഴ ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിൽ ശബരിമലയിൽ നടന്ന ദേവപ്രശ്നത്തിലായിരുന്നു ജയിൽവാസമുൾപ്പെടെ തെളിഞ്ഞത്.

ഈ പ്രശ്നവിധിയുടെ അടിസ്ഥാനത്തിൽ 2017ൽ കൊടിമരം മാറ്റി പുതിയത് പ്രതിഷ്ഠിച്ചു.

പതിനെട്ടാംപടിയുടെ അളവോ സ്ഥാനമോ മാറ്റാതെ പിടിച്ചുകയറാൻ കൈവരി സ്ഥാപിക്കാമെന്നും ഭസ്മക്കുളം മാറ്റരുതെന്നും ദേവപ്രശ്നത്തിൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ബോർഡിന്റെ കാലത്ത് ദേവപ്രശ്നം നടത്താതെ ഭസ്മക്കുളം കൊപ്രാക്കളത്തിന് സമീപം പുനർനിർമ്മിക്കാൻ നീക്കം നടത്തി. സന്നിധാനം ജ്യോതിർ നഗറിൽ പുതിയ ഗണപതി പ്രതിഷ്ഠ നടത്താനും തീരുമാനിച്ചു. കോടതിയുടെ ഇടപെടലിനെ തുടർന്നാണ് ഇവ നടക്കാതെ പോയത്.

മകരവിളക്കിനോടനുബന്ധിച്ച് ആനയെഴുന്നെള്ളത്ത് ഉൾപ്പെടെ വിവിധ കാരണങ്ങളാൽ ഒഴിവാക്കിയ പല ആചാരങ്ങളും പുന:സ്ഥാപിക്കണമെന്ന് പല ദേവപ്രശ്ന ചിന്തയിലും നിർദ്ദേശിച്ചിരുന്നെങ്കിലും നടപ്പിലാക്കിയിട്ടില്ല. ദേവപ്രശ്നം കഴിഞ്ഞ് പരിഹാരം നടത്തുന്നതിന് ബന്ധപ്പെട്ട ഒാരോരുത്തർക്കും ചാർത്ത് കൈമാറും. ഇതുപ്രകാരം പന്തളം കൊട്ടാരം കൃത്യമായി പരിഹാര കർമ്മങ്ങൾ നടത്തിയിട്ടുണ്ട്.

2014ലും 2018ലും അതിന് മുമ്പും പരിഹാരം ചെയ്തിരുന്നു. വിളിച്ചു ചൊല്ലി പ്രായശ്ചിത്തവും പിടിപ്പണവും ഗുരുവായൂർ ഉൾപ്പടെയുള്ള മഹാക്ഷേത്രങ്ങളിൽ ദർശനവുമടങ്ങിയ ചാർത്തിലെ നിർദ്ദേശങ്ങളാണ് കൊട്ടാരം നടത്തിയത്. നിലവിലെ സാഹചര്യത്തിൽ പുതിയ ദേവപ്രശ്നം നടത്തണമെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം മുൻ സെക്രട്ടറിയും രാജപ്രതിനിധിയുമായ പി.എൻ.നാരായണ വർമ്മ ആവശ്യപ്പെട്ടു.