ലോക സാമ്പത്തിക ഫോറം: കേരളം 1.18 ലക്ഷം കോടിയുടെ ധാരണാ പത്രം ഒപ്പിട്ടു
തിരുവനന്തപുരം: ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ കേരളം 1.18 ലക്ഷം കോടിയുടെ നിക്ഷേപ താൽപര്യപത്രം ഒപ്പു വച്ചതായി മന്ത്രി പി. രാജീവ് അറിയിച്ചു. 14 ബില്യൺ യു.എസ് ഡോളർ മൂല്യമുള്ളതാണ് താൽപര്യ പത്രങ്ങൾ. അമേരിക്ക, യു.കെ, ജർമ്മനി, സ്‌പെയിൻ, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിവിധ കമ്പനികളുമായാണിത്. ചരിത്രത്തിലാദ്യമായാണ് ലോക സാമ്പത്തിക ഫോറത്തിൽ നിന്ന് കേരളം നിക്ഷേപം സമാഹരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
രാംകി ഇൻഫ്രാസ്ട്രക്ചർ 6000 കോടി (ഇക്കോ ടൗൺ വികസനം, സംയോജിത വ്യവസായ പാർക്കുകൾ), റിസസ് റ്റൈനബിലിറ്റി 1000 കോടി (മാലിന്യ സംസ്‌കരണം), ഇൻസ്റ്റ പേ സിനർജീസ് 100 കോടി (സാമ്പത്തിക സേവനങ്ങൾ), ബൈദ്യനാഥ് ബയോഫ്യുവൽസ് 1000 കോടി (റിന്യൂവബിൾ എനർജി), ആക്‌മെ ഗ്രൂപ്പ് 5000 കോടി (ബാറ്ററി സ്റ്റോറേജ് സിസ്റ്റം), ലിങ്ക് എനർജി1000 കോടി (റിന്യൂവബിൾ എനർജി), സിഫി ടെക്‌നോളജീസ് 1000 കോടി (ഡാറ്റ സെന്റർ), ഡെൽറ്റ എനർജി 1600 കോടി (ഹോസ്പിറ്റാലിറ്റി & ഹെൽത്ത് കെയർ), ഗ്രീൻകോ ഗ്രൂപ്പ് 10000 കോടി, ജെനസിസ് ഇൻഫ്രാസ്ട്രക്ചർ 1300 കോടി, കാനിസ് ഇന്റർനാഷണൽ 2500 കോടി (എയ്രോസ്‌പേസ് & എനർജി), സെയ്ൻ വെസ്റ്റ് കാപ്സ് അഡ്വൈസറി 1000 കോടി (റിന്യൂവബിൾ എനർജി) തുടങ്ങി 27 കമ്പനികളുമായാണ് താൽപര്യപത്രം ഒപ്പിട്ടത്. 67കമ്പനികളുടെ പ്രതിനിധികളുമായി കേരളസംഘം മുഖാമുഖ ചർച്ച നടത്തി.മെഡിക്കൽ വ്യവസായം, റിന്യൂവബിൾ എനർജി, ഡാറ്റാ സെന്റർ, എമർജിങ് ടെക്‌നോളജി എന്നീ മേഖലകളിലെ കമ്പനികളുമായാണ് താൽപര്യപത്രം .ഇതിന്റെ തുടർ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും.മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്ന് 5 അംഗ പ്രതിനിധി സംഘമാണ് ഇത്തവണ ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തത്.