2025ൽ റിപ്പോർട്ട് ചെയ്തത് 5,708 വാഹനാപകടങ്ങൾ, 253 മരണം
മലപ്പുറം: ജില്ലയിൽ 2025ൽ റിപ്പോർട്ട് ചെയ്തത് 5,708 വാഹനാപകടങ്ങൾ. ഇതിൽ 253 പേർ മരിക്കുകയും 3,302 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2021 മുതലുള്ള റോഡപകടങ്ങളുടെ കണക്ക് പരിശോധിച്ചാൽ കഴിഞ്ഞ വർഷമാണ് ജില്ലയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇരുചക്ര വാഹനാപകടങ്ങളാണ് കൂടുതൽ, 3024 എണ്ണം. 186 പേർ മരിക്കുകയും 2,291 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൊട്ടുപിന്നിൽ കാർ അപകടങ്ങളാണ്. 1,365 കാറപകടങ്ങളിലായി 24 പേർ മരിക്കുകയും 319 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
569 ഓട്ടോറിക്ഷാ അപകടങ്ങളിലായി 30 പേർ മരിക്കുകയും 397 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 362 ബസ് അപകടങ്ങളാണ് നടന്നത്. ഇതിൽ ആറ് പേർ മരിക്കുകയും 268 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 388 ലോറി, ടിപ്പർ അപകട ങ്ങളിലായി ഏഴ് പേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു.
നിയമലംഘനം വില്ലൻ
- അമിതവേഗത, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, സീറ്റ് ബെൽറ്റും ഹെൽമെറ്റും ധരിക്കാത്തത്, ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കൽ, റെഡ് സിഗ്നൽ അവഗണിക്കുക, തെറ്റായ ദിശയിൽ വണ്ടിയോടിക്കുക എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങൾ.
- റോഡിൽ മോട്ടോർ വാഹന വകുപ്പിന്റെയോ പൊലീസിന്റെയോ പരിശോധന കണ്ടാൽ ബൈക്കിന്റെ വിവരങ്ങൾ ലഭിക്കാതിരിക്കാൻ പിറകിലിരിക്കുന്നയാൾ നമ്പർ പ്ലേറ്റ് കാല് കൊണ്ട് മറച്ചുപിടിക്കുന്ന പ്രവണതയുണ്ട്. ക്യാമറകളും മറ്റും പരിശോധിച്ച് ഇത്തരം കുട്ടിഡ്രൈവർമാരെ പിടികൂടാറാണ് പതിവ്.
- ബൈക്കിൽ അൾട്രേഷൻ നടത്തുന്നതിലും മുന്നിൽ കുട്ടി ഡ്രൈവർമാരാണ്. ബൈക്കിലെ രണ്ട് മിററുകളും അഴിച്ചു മാറ്റിയും വലിയ ശബ്ദമുള്ള സൈലൻസർ ഘടിപ്പിച്ചും അടക്കം നിരത്തിൽ ചീറിപ്പായുന്നവരുണ്ട്.
- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളുടെ വരവോടെ ജനങ്ങളിൽ ഹെൽമെറ്റ് ധരിക്കുക എന്നത് ശീലമായി മാറിക്കഴിഞ്ഞു. എന്നാൽ, പലരും ചിൻ സ്ട്രാപ്പ് ടൈറ്റ് ആക്കാത്തത് കണ്ടുവരുന്നുണ്ട്.
ആകെ വാഹനാപകടം - 5,708
മരണപ്പെട്ടവർ - 253
പരിക്കേറ്റവർ-3,302