വരവറിയിച്ച് വേനൽ
പാലക്കാട്: വേനലിന്റെ വരവറിയിച്ച് പാലക്കാട് ജില്ലയിൽ പകൽ സമയം ചൂട് വർദ്ധിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ജില്ലയിലെ ചൂട് യഥാസമയം 32, 33 ഡിഗ്രിവരെ ഉയർന്നിരുന്നു. വരുംദിവസങ്ങളിൽ 35 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യതയുണ്ട്. എന്നാൽ, രാത്രികാലങ്ങളിൽ താരതമ്യേന 20 ഡിഗ്രി മുതൽ 23 ഡിഗ്രിവരെ കുറഞ്ഞ താപനിലയാണ് അനുഭവപ്പെടുന്നത്. ഒറ്റപ്പാലത്ത് ഭാരതപ്പുഴയുടെ തീരങ്ങളിലുള്ള പുൽക്കാടുകൾക്ക് ബുധനാഴ്ച ഉച്ചയോടെ തീപിടിച്ചിരുന്നു. കഴിഞ്ഞവർഷവും വേനൽക്കാലത്ത് ഭാരതപ്പുഴയുടെ തീരത്ത് ഇത്തരത്തിൽ തീപിടിത്തമുണ്ടായിരുന്നു. ഫെബ്രുവരിയോടെ ജില്ലയിൽ വേനൽ ശക്തിയാർജിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. മാർച്ചിൽ 38 ഡിഗ്രി സെൽഷ്യസ് വരെ ചൂടുയരാൻ സാധ്യതയുണ്ട്. കഴിഞ്ഞവർഷം ഫെബ്രുവരി പകുതിയോടെ തന്നെ ജില്ലയിൽ കടുത്ത വേനൽ അനുഭവപ്പെട്ടിരുന്നു. മാർച്ചിൽ മുണ്ടൂരിൽ 39.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു.
വേനലിൽ ശ്രദ്ധിക്കാം
ഇടവേളകളിൽ വെള്ളം കുടിക്കുക
കഫീൻ അടങ്ങിയ ചായ, കാപ്പി, കാർബണേറ്റഡ് പാനീയങ്ങൾ കഴിവതും കുറയ്ക്കുക
കനം കുറഞ്ഞതും അയഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
പകൽ 11 മുതൽ മൂന്നുവരെ വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക.
പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക.
സൺസ്‌ക്രീൻ ഉപയോഗിക്കാം.
ചൂട് കൂടി ഒപ്പം തീപ്പിടിത്തവും
വേനലെത്തും മുമ്പേ ജില്ലയിൽ ചൂട് കനക്കുന്നു, ഒപ്പം തീപിടിത്തങ്ങളും വ്യാപകം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തീപിടുത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജനുവരി 21 വരെ മാത്രം 79 ഫയർ കോളുകളാണ് ജില്ലയിലാകെ അഗ്നിരക്ഷാസേന നിലയങ്ങളിലേക്ക് എത്തിയത്.
കഴിഞ്ഞദിവസം കഞ്ചിക്കോട് ബെമ്ൽ കോമ്പൗണ്ടിലെ 50 ഏക്കറോളം വരുന്ന സ്ഥലത്ത് പുല്ലിനും പാഴ്‌ചെടികൾക്കും തീപിടിച്ചു. കഞ്ചിക്കോട്, പാലക്കാട് എന്നീ നിലയങ്ങളിലെ ഓരോ യൂനിറ്റ് വാഹനങ്ങൾ എത്തി ആറു മണിക്കൂർ പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പകൽ ചൂട് കനക്കുന്നതിനാൽ തീപിടിത്തങ്ങൾ വർധിക്കാനുള്ള സാധ്യത കൂടുതലാണ്.
കഴിഞ്ഞവർഷം 1599 ഫയർ കോളുകളാണ് ജില്ലയിലെ 10 ഫയർ സ്റ്റേഷനുകളിലായി എത്തിയത്. ഇതിൽ കഞ്ചിക്കോട് ഫയർ സ്റ്റേഷനു കീഴിലാണ് ഏറ്റവും കൂടുതൽ ഫയർ കോൾ എത്തിയത്352 എണ്ണം. പാലക്കാട് യൂനിറ്റിൽ 289, ചിറ്റൂർ108, ആലത്തൂർ137, വടക്കഞ്ചേരി100, മണ്ണാർക്കാട്127, കൊല്ലങ്കോട്86, കോങ്ങാട്119, പട്ടാമ്പി117, ഷൊർണൂർ164 എന്നിങ്ങനെയും ഫയർ കോളുകൾ വന്നു.
കൊല്ലങ്കോട് ഫയർ സ്റ്റേഷനുകീഴിലാണ് കുറവ് ഫയർ കോളുകൾ വന്നിട്ടുള്ളത്. ജനുവരി അവസാനത്തോടെ ജില്ലയിൽ ചൂട് കൂടുകയും ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കഠിനമാകുകയും ചെയ്യും. ഫെബ്രുവരി മാസത്തിലാണ് ഏറ്റവും കൂടുതൽ ഫയർ കോളുകൾ വരാറുള്ളതെന്ന് അഗ്നിരക്ഷാ സേന അധികൃതർ പറഞ്ഞു.
ചൂട് കനക്കുന്ന സമയാണ് ഫെബ്രുവരി മാസം. അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികളിൽനിന്നും മറ്റും ഉണ്ടാകുന്ന തീപ്പൊരി പെട്ടെന്ന് പടർന്നാണ് വലിയ തീപിടിത്തങ്ങളുണ്ടാകുന്നത്. കൂടാതെ പലപ്പോഴും ഷോർട്ട് സർക്യൂട്ടുകളും തീപിടിത്തങ്ങൾക്ക് കാരണമാകുന്നു.