വിലക്ക് ലംഘിച്ച് മകരവിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണമെന്ന് പരാതി; അന്വേഷണത്തിന് നിർദേശം നൽകി കെ ജയകുമാർ
പത്തനംതിട്ട: വിലക്ക് ലംഘിച്ച് മകരവിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണം നടന്നുവെന്ന് പരാതി ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. നരിവേട്ട എന്ന സിനിമയുടെ സംവിധായകൻ അനുരാജ് മനോഹറിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നതായാണ് പരാതി ലഭിച്ചത്.
മകരവിളക്ക് ഷൂട്ട് ചെയ്യാൻ അനുമതി തേടിയപ്പോൾ നിഷേധിച്ചിരുന്നുവെന്നും ഷൂട്ടിംഗ് നടന്നുവെന്ന് തനിക്ക് പരാതി കിട്ടിയെന്നും ജയകുമാർ പറഞ്ഞു. അന്വേഷിക്കാൻ ദേവസ്വം വിജിലൻസ് എസ്‌പിക്ക് നിർദേശം നൽകി. റിപ്പോർട്ട് ലഭിച്ചശേഷം നടപടി സ്വീകരിക്കുമെന്നും ജയകുമാർ അറിയിച്ചു.
എന്നാൽ, ഷൂട്ടിംഗ് നടന്നത് പമ്പയിലാണെന്നാണ് സംവിധായകൻ അനുരാജ് മനോഹറിന്റെ പ്രതികരണം. സന്നിധാനത്ത് മാദ്ധ്യമപ്രവർത്തകർ നിൽക്കുന്ന സ്ഥലത്ത് ഷൂട്ടിംഗ് നടത്താനാണ് അനുമതി തേടിയത്. പമ്പ പശ്ചാത്തലമായ സിനിമയാണ്. ദേവസ്വം ബോർഡ് അദ്ധ്യക്ഷൻ അനുമതി നിഷേധിച്ചു എന്നത് ശരിയാണ്. പിന്നീട് എഡിജിപി എസ് ശ്രീജിത്തിനെ സന്നിധാനത്ത് വച്ച് കണ്ടു. എഡിജിപിയാണ് പമ്പയിൽ ഷൂട്ട് ചെയ്യാൻ പറഞ്ഞത്. അന്വേഷണം നടക്കട്ടെയെന്നും സംവിധായകൻ പ്രതികരിച്ചു.