നാടക കലാകാരനും ഗാനരചയിതാവുമായ കെ വി വിജേഷ് അന്തരിച്ചു
കൊച്ചി: പ്രശസ്ത നാടക കലാകാരൻ വിജേഷ് കെ വി (49) അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൽ നാടക പരിശീലനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാടക രചയിതാവ്, സംവിധായകൻ, അഭിനയ പരിശീലകൻ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന കലാകാരനാണ് വിജേഷ്. കോഴിക്കോട് സ്വദേശിയാണ്. ചലച്ചിത്ര നടിയും നാടകപ്രവർത്തകയുമായ കബനിയാണ് ഭാര്യ. ഏകമകൾ സൈറ.
സ്കൂൾ ഓഫ് ഡ്രാമയിലെ പഠനശേഷമാണ് നാടക മേഖലയിൽ വിജേഷ് സജീവമാകുന്നത്. വിവാഹ ശേഷം ഭാര്യ കബനിക്കൊപ്പം തീയേറ്റർ ബീറ്റ്സ് എന്ന പേരിൽ ഗ്രൂപ്പ് തുടങ്ങി നിരവധി വിദ്യാർത്ഥികൾക്ക് നാടകപരിശീലനം നൽകി. നിരവധി സിനിമകൾക്കുവേണ്ടി അഭിനയ പരിശീലന കളരികളുടെ നേതൃത്വം വഹിച്ചു.
അവിര റബേക്ക സംവിധാനം ചെയ്ത തകരച്ചെണ്ട എന്ന ചിത്രത്തിൽ പാട്ടെഴുതിയാണ് ആദ്യമായി സിനിമ രംഗത്തേക്ക് കടക്കുന്നത്. ഫിലിപ്പ് ആൻഡ് ദി മങ്കിപെൻ, മാൽഗുഡി ഡെയ്‌സ്, മൈ ഗോഡ്, മൈ ഗ്രേറ്റ് ഫാദർ, ഗോൾഡ് കോയിൻ, പുള്ളിമാൻ, ആമി, ക്ലിന്റ് തുടങ്ങിയ ചിത്രങ്ങളുടേയും ഭാഗമായി. മലയാളികൾ ഏറ്റുപാടിയ നിരവധി നാടക ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം.