കിളിമാനൂർ വാഹനാപകടം: പ്രധാന പ്രതി വിഷ്ണു നെയ്യാറ്റിൻകരയിൽ പിടിയിൽ
തിരുവനന്തപുരം : കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ പ്രതി വിഷ്ണുവിനെ പൊലീസ് പിടികൂടി. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ നെയ്യാറ്റിൻകരയിലെ ഒളിവ് സങ്കേതത്തിൽ വച്ച് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുത്തത്.
അപകടം നടന്ന ദിവസം നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ച പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് വലിയ പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഗുരുതരമായ നരഹത്യാ കുറ്റം ചുമത്തേണ്ട സ്ഥാനത്ത് ലഘുവായ വകുപ്പുകൾ ചേർത്ത് വിട്ടയച്ചതാണ് പൊലീസിനെതിരെ വ്യാപക വിമർശനം ഉണ്ടാകാൻ ഇടയായത്. ഇതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.
ഇക്കഴിഞ്ഞ നാലിനാണ് കിളിമാനൂരിലെ പാപ്പാലയിൽ വച്ച് രഞ്ജിത്തും അംബികയും സഞ്ചരിച്ച ബൈക്കിലേക്ക്, മദ്യപിച്ച് അമിതവേഗയിൽ ഓടിച്ചെത്തിയ ധാർ ജീപ്പ് ഇടിച്ചത്. അതേസമയം അപകടം അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് എസ്എച്ച്ഒ ഉൾപ്പെടെ മൂന്ന് പേർക്ക് സസ്‌പെൻഷൻ നൽകിയിരുന്നു. കിളിമാനൂർ സി.ഐ ബി.ജയൻ,സബ് ഇൻസ്‌പെക്ടർ അരുൺ,ഗ്രേഡ് എസ്.ഐ സലിം എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.
അപകടത്തിനിടയായ വാഹനത്തിൽ ഉണ്ടായിരുന്നവരെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ഇവർ ശ്രമിച്ചെന്നായിരുന്നു പരാതി. ഒരു പൊലീസുകാരനടക്കം വാഹനത്തിൽ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. ഇതിനിടെ പൊലീസിനെതിരെ പ്രതിഷേധിച്ചവരുടെ പേരിലും കേസെടുത്തിരുന്നു. പഞ്ചായത്തംഗം ഉൾപ്പെടെ 59 പേർക്കെതിരെയാണ് കേസെടുത്തത്.
ചൊവ്വാഴ്ച മരണപ്പെട്ട രഞ്ജിത്തിന്റെ മൃതദേഹവുമായി, നാട്ടുകാരും ബന്ധുക്കളും പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് നടപടികൾ ശക്തമാക്കിയത്. ബുധനാഴ്ചയാണ് പ്രധാന പ്രതിയുടെ സുഹൃത്ത് ആദർശിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വാഹനമോടിച്ച പ്രതികൾ എവിടെയാണ് ഒളിവിൽ പോയതെന്ന് ആദ്യം ചോദ്യം ചെയ്യുന്ന സമയം ആദർശ് പറയാൻ കൂട്ടാക്കിയിരുന്നില്ല. വർക്കല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലായിരുന്നു ആദർശ് പിടിയിലായത്.