സ്വർണക്കുതിപ്പ് തുടരുന്നു; പവൻവിലയിൽ വൻവർദ്ധനവ്, ആശങ്കയോടെ വിപണി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻവർദ്ധനവ്. പവന് 1,080 രൂപ കൂടി 1,16,320 രൂപയും ഗ്രാമിന് 135 രൂപ ഉയർന്ന് 14,540 രൂപയുമായി. ഇന്നലെ രണ്ടു തവണയാണ് സ്വർണനിരക്കിൽ മാറ്റം രേഖപ്പെടുത്തിയത്. രാവിലെ പവന് 1,17,120 രൂപയും ഉച്ചകഴിഞ്ഞതോടെ പവന് 1,15,240 രൂപയുമെന്ന നിരക്കിലാണ് വ്യാപാരം നടന്നത്. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ജനുവരി ഒന്നിനാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 99,040 രൂപയും ഗ്രാമിന് 12,380 രൂപയുമായിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നാറ്റോയുമായുള്ള അഭിപ്രായ ഭിന്നതകൾ രൂക്ഷമായി തുടരുന്നതിനാൽ ആഗോള വിപണികൾ കടുത്ത സമ്മർദ്ദത്തിലായിരിക്കുകയാണ്. നിക്ഷേപകർ സുരക്ഷിതത്വം തേടി പണമൊഴുക്കിയതോടെ സ്വർണവില പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന തലത്തിലെത്തി. ഗ്രീൻലാൻഡിനെ ചൊല്ലിയുള്ള തർക്കങ്ങളിൽ അമേരിക്കയും നാറ്റോയും ധാരണയിലെത്തിയെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെ വ്യക്തമാക്കിയെങ്കിലും വിപണിയിൽ ആശങ്ക ശക്തമാണ്.
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് വിദേശ ധനകാര്യ സ്ഥാപനങ്ങൾ വൻതോതിൽ വിപണിയിൽ നിന്ന് പണം പിൻവലിക്കുകയാണ്. പ്രധാന ഓഹരി സൂചികകളായ സെൻസെക്സും നിഫ്‌റ്റിയും ഇന്നലെ തകർന്നടിഞ്ഞു. സെൻസെക്സ് 770 പോയിന്റ് നഷ്‌ടത്തോടെ 81,537.70ൽ അവസാനിച്ചു. നിഫ്‌റ്റി 241 പോയിന്റ് ഇടിഞ്ഞ് 25,048.65ൽ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളും കനത്ത തകർച്ച നേരിട്ടു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ജനുവരിയിൽ ഇതുവരെ 36,400 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യൻ വിപണിയിൽ വിറ്റുമാറിയത്. നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം ത്രൈമാസക്കാലയളവിൽ കമ്പനികളുടെ പ്രവർത്തന ഫലങ്ങൾ നിരാശപ്പെടുത്തിയതും തിരിച്ചടിയായി.