'പുറത്തായാലും ശരി മികച്ച രീതിയിൽ കളിക്കണമെന്നായിരുന്നു ചിന്ത', തകർപ്പൻ പ്രകടനത്തെക്കുറിച്ച് ഇഷാൻ കിഷൻ

Saturday 24 January 2026 10:56 AM IST

റായ്പുർ: ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള തന്റെ തിരിച്ചുവരവ് അവിസ്മരണീയമാക്കി വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ. ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി-20യിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത താരം, വെറും 32 പന്തിൽ നിന്ന് 76 റൺസാണ് നേടിയത്. ശുഭ്മാൻ ഗില്ലിനെ മറികടന്ന് ടോപ്പ് ഓർഡറിൽ സെലക്ടർമാർ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ ഈ പ്രകടനത്തിലൂടെ താരത്തിന് കഴിഞ്ഞു. പരമ്പരയിലെ ആദ്യ മത്സരത്തിൽ തിളങ്ങാൻ കഴിയാതിരുന്നത് തന്റെ പ്രകടനത്തെക്കുറിച്ച് തനിക്ക് തന്നെ സംശയങ്ങൾ ഉണ്ടാക്കിയിരുന്നതായും മത്സരശേഷം ഇഷാൻ കിഷൻ തുറന്നുപറഞ്ഞു.

'എനിക്ക് വീണ്ടും നന്നായി കളിക്കാൻ കഴിയുമോ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു. ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോകാനും മികച്ച ഷോട്ടുകൾ കളിക്കാനും കഴിയുമെന്ന് എനിക്ക് വ്യക്തമായ ഉത്തരം ലഭിച്ചു. എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ റൺസ് കണ്ടെത്തേണ്ടതുണ്ടായിരുന്നു. പുറത്തായാലും ശരി മികച്ച രീതിയിൽ കളിക്കണമെന്ന് മാത്രമായിരുന്നു ചിന്ത'. ഇഷാൻ പറഞ്ഞു.

ഭാവിയെക്കുറിച്ചുള്ള ആശങ്കകളേക്കാൾ നിലവിലെ പ്രകടനത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നും ഇഷാൻ വ്യക്തമാക്കി. താൻ ഇന്ത്യയ്ക്കായി കളിക്കാൻ പ്രാപ്തനാണോ എന്ന് സ്വയം ബോധ്യപ്പെടാൻ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം സഹായിച്ചുവെന്നും അവിടെ റൺസ് കണ്ടെത്താനും ട്രോഫി നേടാനും കഴിഞ്ഞത് വലിയ ആത്മവിശ്വാസമാണ് നൽകിയതെന്നും താരം കൂട്ടിച്ചേർത്തു.

ഇഷാന് തുണയായി നായകൻ സൂര്യകുമാർ യാദവും ഒപ്പം ക്രീസിലുണ്ടായിരുന്നു. ഇരുവരും ചേർന്ന് കൂട്ടിച്ചേർത്ത റൺസ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തേകി. 32 പന്തുകളിൽ 11 ഫോറുകളും നാലു സിക്‌‌സറുകളുമാണ് ഇഷാൻ പറത്തിയത്. പത്താം ഓവറിൽ ടീമിനെ 128 റൺസിലെത്തിച്ച ശേഷം ഇഷാൻ മടങ്ങി. പിന്നീട് സൂര്യകുമാർയാദവാണ് ടിമിനെ വിജയത്തിലേക്ക് നയിച്ചത്. 37 പന്തുകൾ നേരിട്ട ഇന്ത്യൻ ക്യാപ്ടൻ ഒൻപത് ഫോറും നാലുസിക്സും പായിച്ചു. 17 പന്തിൽ 35 റൺസുമായി ശിവം ദുബെയും ഒപ്പം നിന്നു. ഇതോടെ അഞ്ചു മത്സര പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. മൂന്നാം മത്സരം ഞായറാഴ്ച ഗോഹട്ടിയിൽ നടക്കും.