'രക്തസാക്ഷി കുടുംബസഹായ ഫണ്ടാണ്, പയ്യന്നൂർ തട്ടിപ്പിൽ സിപിഎം വിശദീകരണം തൃപ്‌തികരമല്ല'; സണ്ണി ജോസഫ്

Saturday 24 January 2026 11:11 AM IST

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ആരൊക്കെ മത്സരിക്കുമെന്ന് തീരുമാനിക്കുന്നത് ഹൈക്കമാൻഡാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഒന്നിലും പിടിവാശിയില്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്ന് പറഞ്ഞ അദ്ദേഹം പയ്യന്നൂർ ഫണ്ട് തട്ടിപ്പിനെത്തുറിച്ചും സംസാരിച്ചു. കണ്ണൂരിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സണ്ണി ജോസഫ് പറഞ്ഞത്:

'വാതിലാകുമ്പോൾ തുറക്കാനും അടയ്‌ക്കാനും കഴിയും. കോൺഗ്രസിന് ഒന്നിലും പിടിവാശിയില്ല. വിശാലമായ മനോഭാവമാണ്. എൻസിപി നേതാക്കൾ കോൺഗ്രസിൽ ചേരുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ ആരൊക്കെ മത്സരിക്കുമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. സീറ്റ് വിഭജനം സൗഹൃദ സംഭാഷണത്തിലൂടെ നടത്തും. പയ്യന്നൂർ ഫണ്ട് തട്ടിപ്പ് കേസിൽ സിപിഎം നടത്തിയ വിശദീകരണം തൃപ്‌തികരമല്ല. രക്തസാക്ഷി കുടുംബസഹായത്തിലെ ഫണ്ടാണത്.

യൂത്ത് കോൺഗ്രസ് സമാഹരിച്ച ഒന്നരക്കോടി രൂപ തന്നു. എന്റെ പേരിൽ അതായത് കെപിസിസി പ്രസിഡന്റിന്റെ പേരിൽ മൂന്നരക്കോടി രൂപയ്‌ക്ക് സ്ഥലം രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ഞങ്ങൾ പിരിച്ച പൈസയ്‌ക്ക് കൃത്യമായ കണക്കുണ്ട്. അത് കൃത്യമായി ചെലവഴിക്കുന്നുമുണ്ട്.'