'നിയമസഭയിൽ മന്ത്രിമാർ വിവരക്കേടാണ് പറഞ്ഞത്, ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിക്ക് വീഴ്ച സംഭവിച്ചു'

Saturday 24 January 2026 12:03 PM IST

തിരുവനന്തപുരം: ശബരിമല സ്വ‌ർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ഇന്നലെ ജാമ്യം അനുവദിച്ചതിനെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎൽഎ രക്തസാക്ഷി ഫണ്ട് മുക്കിയെന്ന സിപിഎം നേതാവിന്റെ ആരോപണത്തെക്കുറിച്ചും സതീശൻ സംസാരിച്ചു. ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചിരിക്കുന്നത്.

'മുരാരി ബാബുവിന് ജാമ്യം കിട്ടിയത് പ്രത്യേക അന്വേഷണ സംഘത്തിന്റെ വീഴ്ച കാരണമാണ്. അയാൾക്കെതിരെ 90 ദിവസത്തിനകം കു​റ്റപത്രം സമർപ്പിക്കാത്തതുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. ശബരിമലയിൽ നഷ്ടപ്പെട്ട സ്വർണം പൂർണമായും കണ്ടെടുത്തിട്ടില്ല. ഹൈക്കോടതിയും സുപ്രീംകോടതിയും നല്ല രീതിയിലാണ് കേസ് നിരീക്ഷിച്ചത്. കു​റ്റവാളികൾ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കും.

പയ്യന്നൂരിലെ സിപിഎം ജില്ലാ കമ്മി​റ്റി അംഗം, എംഎൽഎയ്‌ക്കെതിരായി ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. നേരത്തെ ഈ വിവരം പാർട്ടിയെ അറിയിച്ചിട്ട് ഒരു കേസ് പോലും എടുത്തിട്ടില്ലേയെന്നതാണ് യാഥാർത്ഥ്യം. തെളിവുകൾ സഹിതം ആരോപണം ഉന്നയിച്ചിരിക്കുകയാണ്. പാർട്ടിതന്നെ കേസ് അന്വേഷിച്ച് ഒതുക്കി തീർക്കാനാണ് ശ്രമിച്ചത്. ഇതും ഗുരുതരമായ ക്രിമിനൽ കു​റ്റമാണ്. എല്ലാം തീരുമാനിക്കുന്നത് സിപിഎമ്മിന്റെ പാർട്ടി കോടതിയിലാണ്. രക്തസാക്ഷികളുടെ പേരിൽ ഫണ്ട് പിരിച്ചിട്ട് അത് മുക്കുന്ന പാർട്ടിയാണ് സിപിഎം. ഇത്തരം കാര്യങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. നിയമസഭയിൽ എന്തെല്ലാം മണ്ടത്തരങ്ങളാണ് മന്ത്രിമാർ പറയുന്നത്. കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണമെന്നുവരെ അവർ പറഞ്ഞു. വിവരക്കേടാണ് നിയമസഭയിൽ പറഞ്ഞത്. അതോർത്ത് പ്രതിപക്ഷം ലജ്ജിക്കുകയാണ്'- വിഡി സതീശൻ.