തിരുവനന്തപുരം - കണ്ണൂർ അതിവേഗ റെയിൽ പ്രഖ്യാപനം ഉടൻ; വാക്കാൽ അനുമതി ലഭിച്ചുവെന്ന് ഇ ശ്രീധരൻ
തിരുവനന്തപുരം: അതിവേഗ റെയിലിന്റെ ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിൽ നിന്ന് വാക്കാലുള്ള അനുമതി ലഭിച്ചുവെന്ന് ഇ ശ്രീധരൻ. ഇതുപ്രകാരം പദ്ധതികൾ തയ്യാറാക്കിവരികയാണെന്നും രണ്ടാം തീയതി പൊന്നാനിയിൽ ഓഫീസ് തുടങ്ങുമെന്നും ശ്രീധരൻ അറിയിച്ചു. റെയിൽവേ മന്ത്രാലയത്തിൽ നിന്ന് ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് കാലതാമസമെടുക്കുന്നതിനാൽ നടപടികൾ നേരത്തേയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
നഞ്ചൻകോട് റെയിൽവേപാത ഈ വർഷത്തെ ബഡ്‌ജറ്റിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടാനായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിനെ കാണാൻ പോയപ്പോഴാണ് അതിവേഗ റെയിൽപാത സംബന്ധിച്ച് ധാരണയായതെന്നും അദ്ദേഹം പറഞ്ഞു. ആദ്യ പദ്ധതി 350 കിലോമീറ്റർ വേഗതയിലായിരുന്നു. 60 -64 കിലോമീറ്റർ പരിധിയിലായിരുന്നു ആദ്യത്തെ സ്റ്റേഷൻ. അത് മാറ്റി 200 കിലോമീറ്ററാണ് ഇപ്പോൾ പരിഗണിക്കുന്ന പരമാവധി വേഗം. 20 -25 കിലോമീറ്റർ പരിധിയിൽ സ്റ്റേഷനുകൾ വരും. 22 സ്റ്റേഷനുകളാണ് ഉണ്ടാകുകയെന്നും ശ്രീധരൻ വിശദീകരിച്ചു.
തിരുവനന്തപുരം സെൻട്രൽ, തിരുവനന്തപുരം വിമാനത്താവളം, വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, വൈക്കം, എറണാകുളം (പാലാരിവട്ടം പാലത്തിന് സമീപം), ആലുവ, നെടുമ്പാശേരി, തൃശൂർ, കുന്നംകുളം, എടപ്പാൾ, തിരൂർ, മലപ്പുറം (കരിപ്പൂർ വിമാനത്താവളം), കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം, കൊയിലാണ്ടി, വടകര, തലശേരി, കണ്ണൂർ എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.
തുടക്കത്തിൽ എട്ട് കോച്ചുകളാകും ഉണ്ടാകുക. 560 പേർക്ക് യാത്ര ചെയ്യാനാകും. പിന്നീട് യാത്രക്കാരുടെ എണ്ണം അനുസരിച്ച് മാറ്റം വരുത്തും. 86,000 കോടിയാണ് പദ്ധതി ചെലവ്. ഇത് ഒരു ലക്ഷം കോടി വരെ നീളാം. പദ്ധതി ചെലവിന്റെ 51 ശതമാനം റെയിൽവേ വഹിക്കും. 60,000 കോടി രൂപ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വഹിക്കണം. അഞ്ച് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും. കിലോമീറ്ററിന് 200 കോടി എന്ന നിലയിലാണ് കണക്കാക്കുന്നത്. അപകടം കുറയും യാത്ര ചെലവും കുറയും എന്നതാണ് അതിവേഗ റെയിലിന്റ പ്രത്യേകത. ഇപ്പോഴുള്ള പാതയുമായി ഇതിന് ബന്ധമുണ്ടാകില്ല. സ്റ്റാൻഡേർഡ് ഗേജിൽ ആയിരിക്കും നിർമാണം. ഗുഡ്‌സ് ട്രെയിനുകൾക്ക് സർവീസ് ഉണ്ടാകില്ല.
70 ശതമാനം എലിവേറ്റഡ് പാതയും 20 ശതമാനം തുരങ്കപാതയും ആയിരിക്കും. വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് കടന്നുപോകും. സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്‌തിട്ടില്ലെന്നും 15 ദിവസത്തിനകം റെയിൽവേ പ്രഖ്യാപനം നടത്തുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.