ഗർഭിണിയായിരുന്നപ്പോൾ ഭർത്താവ് ക്രൂരമായി പീഡിപ്പിച്ചു, അന്ന് തളർന്നില്ല; എല്ലാ സ്ത്രീകളെയും അടച്ചാക്ഷേപിക്കരുത്: വ്ളോഗർ ശ്രീദേവി
ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി മോഡലും വ്‌ളോഗറുമായ ശ്രീദേവി ഗോപിനാഥ്. ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമനടപടി ഉണ്ടായതിൽ സന്തോഷമുണ്ടെന്നും എന്നാൽ അതിന്റെ പേരിൽ സ്ത്രീസമൂഹത്തെ മുഴുവൻ അപമാനിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും ശ്രീദേവി വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവങ്ങൾ അടക്കം വെളിപ്പെടുത്തി ശ്രീദേവി രംഗത്തെത്തിയത്.
ശ്രീദേവിയുടെ വാക്കുകൾ;
'ദീപക്കിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തതിൽ സന്തോഷമുണ്ട്. അവർ ചെയ്ത പ്രവർത്തിക്ക് മാപ്പില്ലെന്നും പരമാവധി ശിക്ഷ ലഭിക്കണം. എല്ലാ പുരുഷന്മാരും മോശക്കാരല്ലാത്തതുപോലെ തന്നെ എല്ലാ സ്ത്രീകളും മോശമല്ല. ഒരു സ്ത്രീ ചെയ്ത തെറ്റിന്റെ പേരിൽ സ്ത്രീകൾക്കായി പ്രത്യേക ബസ് വേണമെന്നും മറ്റുമുള്ള പരിഹാസങ്ങൾ അനാവശ്യമാണ്. കഴിഞ്ഞ ദിവസങ്ങളിൽ പിഞ്ചുകുഞ്ഞുങ്ങൾ അടക്കം നേരിട്ട ക്രൂരമായ പീഡനങ്ങളെപ്പറ്റി പലരും മിണ്ടുന്നില്ല. അച്ഛനിൽ നിന്നും ബന്ധുക്കളിൽ നിന്നും അദ്ധ്യാപകരിൽ നിന്നുമൊക്കെ അതിക്രമം നേരിടുന്ന പെൺകുട്ടികൾ ഇന്നും നമുക്കിടയിലുണ്ട്.
ഇത്രയേറെ ക്രൂരതകൾ അനുഭവിക്കുന്ന സ്ത്രീകൾ ഉള്ള നാട്ടിൽ, ഒരാളുടെ തെറ്റിന്റെ പേരിൽ എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ ബലാത്സംഗം ചെയ്യണമെന്ന് ഒരു ഇൻഫ്ളുവൻസർ പറയുന്നത് കേട്ടു. അത്തരം വൈകൃതങ്ങളോട് യോജിക്കാനാവില്ല. ഞാൻ എന്റെ മോളെ അഞ്ച് മാസം ഗർഭിണിയായിരിക്കുമ്പോഴാണ് എന്റെ ഭർത്താവ് എന്നെ റേപ്പ് ചെയ്തത്. കാര്യങ്ങൾ ജനറലൈസ് ചെയ്ത് സംസാരിക്കുന്നതിന് മുൻപ് ചിന്തിക്കുക.' ശ്രീദേവി ഗോപിനാഥ് പറഞ്ഞു. ദീപക്കിന്റെ കുടുംബത്തിനുണ്ടായ നഷ്ടം വലുതാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുതെന്ന് ആഗ്രഹിക്കുമ്പോൾ തന്നെ, സ്ത്രീവിരുദ്ധത പ്രചരിപ്പിക്കാനുള്ള ആയുധമായി ഇതിനെ മാറ്റരുതെന്നും അവർ കൂട്ടിച്ചേർത്തു.