മൂന്നാമത്തെ ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ വിധി ഈ മാസം 28ന്

Saturday 24 January 2026 1:35 PM IST

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യഹർജിയിൽ ഈ മാസം 28ന് വിധി പറയും. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യഹർജി മാറ്റിവച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. രാഹുലിന്റെ റിമാൻഡ് കാലാവധി നീട്ടാൻ എസ്‌ഐടി അപേക്ഷ നൽകിയിട്ടുണ്ട്. രാഹുലും പരാതിക്കാരിയും തമ്മിലുള്ള ശബ്‌ദരേഖ പ്രതിഭാഗം ഹാജരാക്കിയിരുന്നു. അതിന്റെ ശാസ്‌ത്രീയ പരിശോധന വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. മൂന്നാം ബലാത്സംഗക്കേസിൽ രണ്ടാഴ്‌ച മുമ്പാണ് രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായത്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്ന് കാട്ടി ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഗർഭിണിയായിരിക്കെ പോലും മൃഗീയ പീഡനമുണ്ടായി. ആത്മഹത്യാ ഭീഷണി മുഴക്കിയാണ് ഗർഭച്ഛിദ്രം നടത്തിച്ചത്. പ്രതിക്ക് ജാമ്യം നൽകിയാൽ തന്റെ ജീവന് ഭീഷണിയാകും. ഇരകളെ പീഡിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നയാളാണ് പ്രതി.

രാഹുൽ പ്രതിയായ പത്തോളം പീഡന കേസുകളെപ്പറ്റി അന്വേഷണ സംഘത്തിന്റെ പക്കൽ വിവരമുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതും ഇതിലൊന്നാണ്. തന്നെ ഭീഷണിപ്പെടുത്തി ചിത്രീകരിച്ച നഗ്‌ന വീഡിയോ ഇപ്പോഴും രാഹുലിന്റെ ഫോണിലുണ്ട്. പ്രതിക്ക് ജാമ്യം നൽകിയാൽ ഈ ദൃശ്യങ്ങൾ പുറത്താക്കുമെന്ന് ഭയമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.