20 കോടിയുടെ ഭാഗ്യശാലി നിങ്ങളാണോ? ക്രിസ്തുമസ്- ന്യൂഇയർ ബമ്പർ ലോട്ടറി ഫലം പുറത്ത്
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്തുമസ്- ന്യൂഇയർ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം XC 138455 എന്ന നമ്പറിന്. കോട്ടയം ജില്ലയിലെ ഏജന്റ് സുദീക്ക് എ ആണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. ഇതേ നമ്പർ വരുന്ന മറ്റ് ഒൻപത് പരമ്പരകൾക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.
ഇരുപതു കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ക്രിസ്തുമസ് പുതുവത്സര ബമ്പറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. 54,08,880 ടിക്കറ്റുകളുടെ റെക്കോർഡ് വില്പനയാണ് നടന്നത്. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ബമ്പർ ടിക്കറ്റുകളുടെ വില്പന 47,65,650 ആയിരുന്നു.
ഇത്തവണയും ഏറ്റവും കൂടുതല്‍ വില്പന നടന്നത് പാലക്കാട് ജില്ലയിലാണ്, 13,09,300 ടിക്കറ്റുകളാണ് വിറ്റത്. രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂര്‍ ജില്ലയില്‍ 5,91,100 ടിക്കറ്റുകളാണ് വിറ്റത്. മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 5,55,920 ടിക്കറ്റുകളുടെ വില്പന നടന്നു.
ഒരു കോടി രൂപ വീതം 20 പേർക്കാണ് രണ്ടാം സമ്മാനമായി ലഭിക്കുക. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 6,21,990 എണ്ണം സമ്മാനങ്ങളാണ് ഭാഗ്യടിക്കറ്റുകൾ കരസ്ഥമാക്കിയവർക്ക് ലഭിക്കുക. ഡപ്യൂട്ടി ഡയറക്ടർ അജി ജയകുമാർ ക്രിസ്തുമസ്സ് ന്യൂ ഇയർ ബമ്പർ നറുക്കെടുപ്പിന് നേതൃത്വം നൽകി.