'കെ റെയിൽ ഇല്ലെങ്കിൽ ആ മഞ്ഞക്കുറ്റികൾ ഊരിക്കളയാമോ?' അതിവേഗ റെയിൽപാത പദ്ധതിയിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല

Saturday 24 January 2026 4:04 PM IST

ന്യൂഡൽഹി: അതിവേഗ റെയിൽ പാത പദ്ധതിയുമായി മുന്നോട്ടുപോകുകയാണെന്ന മെട്രോ മാൻ ഈ ശ്രീധരന്റെ പ്രഖ്യാപനത്തിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ പ്രഖ്യാപിച്ച കെ റെയിൽ പദ്ധതി ഒഴിവാക്കിയെങ്കിൽ അതിനായി സ്ഥലം ഏറ്റെടുക്കുന്നതിനായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ ഒന്ന് ഊരി കളയാമോയെന്നും അദ്ദേഹം ചോദിച്ചു. ആളുകള്‍ക്ക് സ്ഥലം വിൽക്കാൻ പോലും കഴിയുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

'തിരഞ്ഞെടുപ്പ് വരാനിരിക്കെ അതിവേഗ റെയിൽ പാത പോലുള്ള പലതും പറയും. ഈ സര്‍ക്കാരിന്റെ കാലത്ത് ഒന്നും നടക്കാൻ പോകുന്നില്ല. കെവി തോമസ് പറഞ്ഞ എന്തെങ്കിലും നടന്നിട്ടുണ്ടോ?​ ശശി തരൂർ എംപി രാഷ്ട്രീയ നേതാവ് മാത്രമല്ല. ശശി തരൂർ ഒരു എഴുത്തുകാരനും ഗ്രന്ഥകാരനുമാണ്. 100ശതമാനം പാര്‍ട്ടിക്കാരൻ അല്ല. ‍ഞങ്ങളൊക്കെ പൂർണസമയ പാർട്ടിക്കാരാണ്. എസ്ഐആര്‍ പ്രകാരം എന്റെ മണ്ഡലത്തിലെ മുസ്ലിം സമൂഹത്തിന്റെ വോട്ടുകൾ വെട്ടുകയാണ്. ബിജെപി ന്യൂനപക്ഷ സമൂഹത്തിന്റെ വോട്ടുകൾ ഫോം ഏഴ് പ്രകാരം വെട്ടുകയാണ്. കേരളത്തിൽ എല്ലായിടത്തും വെട്ടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. ജമാഅത്തെ ഇസ്ലാമി തിരഞ്ഞെടുപ്പിൽ സഹകരണം പ്രഖ്യാപിച്ചാൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും. സഹകരണം പ്രഖ്യാപിക്കട്ടെ'- രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ടുപോകാൻ കേന്ദ്രം നിർദേശിച്ചെന്നും 15 ദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് ഇന്ന് ശ്രീധരൻ വ്യക്തമാക്കിയത്. ഉത്തരവ് വരാൻ വൈകുമെങ്കിലും സമയം കളയാൻ ഇല്ലാത്തതിനാൽ പ്രവർത്തങ്ങളുമായി മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.