'വിഴിഞ്ഞം  തുറമുഖം  വിസ്‌മയമായി  മാറി'; രണ്ടാംഘട്ട  നിർ‌മാണ  പ്രവർത്തനങ്ങൾക്ക് ഉദ്ഘാടനം കുറിച്ച് മുഖ്യമന്ത്രി

Saturday 24 January 2026 5:53 PM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർ‌മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൈലിംഗിന്റെ സ്വിച്ച് ഓൺ കർമ്മം മുഖ്യമന്ത്രി നിർവഹിച്ചു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി. മന്ത്രിമാരായ വി എൻ വാസവൻ, കെ എൻ ബാലഗോപാൽ, മേയർ വി വി രാജേഷ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

'വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം കുതിപ്പിനാണ് ഇതോടെ തുടക്കമായത്. വിഴിഞ്ഞം തുറമുഖം വിസ്‌മയമായി മാറി. നാടിന്റെ സ്വപ്‌നമാണ് യാഥാർത്ഥ്യമായത്. അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ അദ്ധ്യായമാണിത്. വിഴിഞ്ഞം തുറമുഖത്തിനായി കേന്ദ്രമന്ത്രി സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പുണ്ട്.

എത്രയോ പതിറ്റാണ്ടുകളാണ് വിഴി‌ഞ്ഞം തുറമുഖമെന്ന സ്വപ്‌നം പേറി നടന്നത്. ഓരോ വട്ടവും വലിയ തടസങ്ങളുണ്ടായി. ഒരു ഭാഗത്ത് പ്രകൃതി ദുരന്തങ്ങളും മഹാമാരിയുമുണ്ടായി. മറുഭാഗത്ത് മറ്റുപ്രശ്നങ്ങളും. അത്തരം തടസങ്ങൾക്കുമുന്നിൽ സ്തംഭിച്ച് നിൽക്കാനാവില്ല. 2016ന് മുൻപ് യുഡിഎഫ് സർക്കാരിന്റെ കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും അത് നടപ്പിലാക്കാനുള്ള ഉത്തരവാദിത്തമുണ്ടായത് എൽഡിഎഫ് സർക്കാരിനാണ്. പലതും നടക്കില്ല എന്നതായിരുന്നു നമ്മുടെ നാട് കേട്ടിരുന്ന ആക്ഷേപം. ഇതൊന്നും കേരളത്തിനുപറ്റിയ കാര്യമല്ലെന്നും പരിഹസിച്ചു. അനേകം പദ്ധതികൾ നടപ്പിലാക്കി ആ ആക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കും നമ്മൾ മറുപടി നൽകി'- ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.