'ആർ സി സി യിൽ കാൻസർ മരുന്ന് മാറി നൽകി: മരുന്ന് കമ്പനിക്കെതിരെയുള്ള നിയമനടപടികളിൽ കാലതാമസം പാടില്ല'

Saturday 24 January 2026 6:34 PM IST

തിരുവനന്തപുരം : റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി)​ മരുന്ന് മാറി നൽകിയ സംഭവത്തിൽ മരുന്ന് വിതരണം ചെയ്ത കമ്പനിക്കെതിരെയുള്ള നിയമനടപടികൾ കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. ആർ.സി.സിയിൽ തലച്ചോറിനെ ബാധിക്കുന്ന കാൻസറിനുള്ള മരുന്ന് പാക്കറ്റിൽ ശ്വാസകോശ കാൻസറിനുള്ള കീമോതെറാപ്പി ഗുളിക കണ്ടെത്തിയ സംഭവത്തിലാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്രിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവ്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പരാതിയെകുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ കമ്മീഷൻ ഉത്തരവിട്ടിരുന്നു.

കഴിഞ്ഞവർഷം ജൂലായ് 9 ന് ഫാർമസിയിൽ ലഭിച്ച കുറിപ്പടി പ്രകാരം Temozolomide 100 mg എന്ന മരുന്ന് രോഗിക്ക് നൽകാനായി റാക്കിൽ നിന്നും എടുത്തപ്പോൾ 5 ഗുളിക വീതമുള്ള 10 പാക്കറ്റിന്റെ ഒരു സെറ്റിൽ 2 പാക്കറ്റിൽ Etoposide 50 mg എന്ന ലേബൽ കണ്ടതായി ആർ.സി.സി. ഡയറക്ടർ കമ്മീഷനെ അറിയിച്ചു. ഒരു മരുന്നിന്റെ പാക്കറ്റിൽ മറ്റൊരു മരുന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് 5 ബോട്ടിലുകൾ ഡ്രഗ്സ് കൺട്രോളർ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. മരുന്ന് വിതരണം ചെയ്ത കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. കമ്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. സിറ്റിംഗിൽ ഹാജരായ ഡ്രഗ്സ് കൺട്രോളർ ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചു. തുടർന്നാണ് ആർ.സി.സി. ഡയറക്ടർക്ക് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവ് നൽകിയത്.