വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാൻ മത്സരം,​ കേന്ദ്രത്തിന് കേരളത്തോട് അവഗണനയെന്ന് വി ശിവൻകുട്ടി

Saturday 24 January 2026 7:16 PM IST

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വം അവകാശപ്പെടാൻ കേന്ദ്രസർക്കാർ‌ മത്സരിക്കുന്നെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എന്നാൽ കേന്ദ്രം കേരളത്തോട് അവഗണനയാണ് കാണിക്കുന്നതെന്ന് ശിവൻകുട്ടി ആരോപിച്ചു. നാളിതുവരെ രാജ്യത്തെ ഒരു പദ്ധതിക്കും ബാധകമല്ലാത്ത നീതിയുക്തമല്ലാത്ത നിബന്ധനകളാണ് വിഴിഞ്ഞത്തിന്റെ കാര്യത്തിൽ കേന്ദ്രം അടിച്ചേൽപ്പിക്കുന്നത്. തമിഴ്നാട്ടിലെ തൂത്തുക്കുടി ഔട്ടർ ഹാർബർ പദ്ധതിക്ക് 1411 കോടി രൂപ അനുവദിച്ചത് തിരിച്ചടയ്ക്കേണ്ട എന്നായിരുന്നു തീരുമാനം. എന്നാൽ കേരളത്തിലേക്ക് എത്തുമ്പോൾ കേന്ദ്രത്തിന്റെ തീരുമാനം മാറുന്നു. വിഴിഞ്ഞത്തിനായി കേന്ദ്രം നൽകുന്ന 817.80 കോടി രൂപ വായ്പയായി കണക്കാക്കി പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് വിചിത്രമായ ഉപാധിയെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

തുറമുഖത്തിന് ലാഭം കിട്ടിത്തുടങ്ങുമ്പോൾ മുതൽ നൽകേണ്ടി വരുന്ന ഈ തുക തിരിച്ചടവ് പൂർത്തിയാകുമ്പോൾ പലിശയും വരുമാന വിഹിതവും ചേർത്ത് 12000 കോടി രൂപ വരെ കേരളം കേന്ദ്രത്തിന് നൽകേണ്ടതായി വരും. വെറും 817 കോടി രൂപ നൽകിയിട്ട് അതിന്റെ പത്തിരട്ടിയിലദികം തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നത് എങ്ങനെയാണ് വികസന സഹായമാകുന്നതെന്നും മന്ത്രി ചോദിച്ചു. കേന്ദ്രം നൽകുന്ന തുച്ഛമായ വിഹിതം പോലും വായ്പയായി മാറ്റി കേരളത്തെ കടക്കെണിയിലാക്കാൻ ശ്രമിക്കുന്നത് ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. തൂത്തുക്കുടിക്ക് നൽകുന്ന നീതി വിഴിഞ്ഞത്ത് നിഷേധിക്കുന്നത് എന്തിനാണ്. വിഴിഞ്ഞം പദ്ധതിയുടെ യഥാർത്ഥ ശില്പികൾ ഇവിടുത്തെ ജനങ്ങളും നിശ്ചയദാർഢ്യമുള്ള സർക്കാരുമാണെന്നും ശിവൻകുട്ടി പറഞ്ഞു.