തിരക്കേറിയ റോഡിൽ ഒന്നിന് പിറകെ ഒന്നായി തെന്നിവീണ് ബെെക്കുകൾ; എന്താണ് സംഭവിക്കുന്നതെന്ന് സെെബർ ലോകം

Saturday 24 January 2026 7:22 PM IST

ലക്‌നൗ: റോഡിൽ തെന്നിവീഴുന്ന ബെെക്ക് യാത്രക്കാരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നത്. ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിലെ റോഡിലാണ് സംഭവം നടന്നത്. 12ഓളം ബെെക്കുകൾ റോഡിൽ വീഴുകയും 20ഓളം പേർക്ക് നിസാര പരിക്കുകൾ ഏൽക്കുകയും ചെയ്തു. റോഡിന് സമീപത്തെ മില്ലിൽ നിന്നുള്ള മാലിന്യം റോഡിൽ പരന്നെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നുമാണ് റിപ്പോർട്ട്.

ഈ മില്ലിലെ മാലിന്യം പ്രകൃതിദത്ത വളയാണ് കർഷകർ ഉപയോഗിക്കുന്നു. അങ്ങനെ ട്രാക്ടറുകളിൽ ഇവ കൊണ്ടുപോയമ്പോൾ മാലിന്യം റോഡിൽ വീണെന്നും മഴയിൽ റോഡിൽ വഴുക്കലുകൾ ഉണ്ടാക്കിയെന്നുമാണ് റിപ്പോർട്ട്. ബച്ചായുൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്വകാര്യ കോളേജിന് സമീപമുള്ള തിരക്കേറിയ ജംഗ്ഷനിലാണ് സംഭവം നടന്നത്. ഈ വഴി വന്ന ബെെക്ക് യാത്രക്കാർ ബ്രേക്ക് ഇടാൻ ശ്രമിക്കുമ്പോഴേക്കും നിയന്ത്രണം വിട്ട് റോഡിലേക്ക് തെന്നിവീഴുകയായിരുന്നു.

ഒരാൾക്ക് പിന്നാലെ മറ്റൊരാളായി വീഴുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവം ചർച്ചയായതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. ആദ്യം ട്രാക്ടർ ഉപയോഗിച്ച് റോഡിലെ ചെളിയും അവശിഷ്ടങ്ങളും നീക്കം ചെയ്തു. പിന്നാലെ റോഡ് പൂർണമായും കഴുകി വൃത്തിയാക്കി. പിന്നാലെ ഗതാഗതം സാധാരണ നിലയിലായതായി പൊലീസ് അറിയിച്ചു.