ഓങ്ങല്ലൂർ-വല്ലപ്പുഴ ശുദ്ധജല   പദ്ധതി കമ്മിഷൻ ചെയ്യുന്നില്ല 

Saturday 24 January 2026 8:27 PM IST
വല്ലപ്പുഴ ഓങ്ങല്ലൂർ ശുദ്ധ ജലപദ്ധതിക്ക്‌ വേണ്ടി നിർമ്മിച്ച ജലസംഭരണി.

പട്ടാമ്പി: ഓങ്ങല്ലൂർ-വല്ലപ്പുഴ ശുദ്ധജല പദ്ധതി കമ്മിഷൻ ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ഡിസംബറിൽ തന്നെ ഓങ്ങല്ലൂർ വല്ലപ്പുഴ മേഖലയിലെ ജലാശയങ്ങൾ വറ്റാൻ തുടങ്ങിയിരുന്നു. ജനവരി മദ്ധ്യത്തോടെ വരൾച്ച രൂക്ഷമായി തുടരുന്നു. ഏറ്റവും കൂടുതൽ വരൾച്ചനേരിടുന്നത് വല്ലപ്പുഴ പഞ്ചായത്തിലാണ്. പേരിൽ പുഴയുണ്ടെങ്കിലും വല്ലപ്പുഴ ഗ്രാമ പഞ്ചായത്തിൽ പുഴയോ മറ്റു കാര്യമായ ജലസ്രോതസുകളോ ഇല്ല എന്നതാണ് യാഥാർത്ഥ്യം. ഈ ദുരവസ്ഥയ്ക്ക് ശാശ്വത പരിഹാരം എന്നനിലയിലാണ് വല്ലപ്പുഴ ഓങ്ങല്ലൂർ ശുദ്ധജല പദ്ധതി ആരംഭിച്ചത്. 2015ലാണ് നബാഡ് 15കോടി രൂപ പുതിയ പദ്ധതിക്കായി അനുവദിച്ചത്. 2012ൽ ജലജീവൻ മിഷൻ വഴി ഓങ്ങല്ലൂരിൽ 9000 ഉം വല്ലപ്പുഴയിൽ 6100ഉം വീടുകളിൽ വെള്ളമെത്തിക്കാൻ പെപ്പുകൾ ഇടുന്ന പണി തുടങ്ങി. ഓങ്ങല്ലൂരിൽ 175 കിലോമീറ്റർ നീളത്തിലും വല്ലപ്പുഴയിൽ 120 കിലോമീറ്റർ നീളത്തിലും പൈപ്പുകൾ സ്ഥാപിക്കേണ്ട ശ്രമകരമായ ജോലിയും പൂർത്തിയായിട്ടുണ്ട്. വാടാനാംകുറുശ്ശി റെയിൽവേ മേല്പാലംപണി നടക്കുന്നതിനാൽ അവിടെ കുറച്ചു ഭാഗത്ത് മെല്പാലം പണി പൂർത്തിയായശേഷമേ പൈപ്പിടു. നിലവിൽ 1976 ൽ തുടങ്ങിയ പദ്ധതിയിലാണ് ഇപ്പോൾ ശുദ്ധജലവിതരണം നടക്കുന്നത്. ശുദ്ധജല വിതരണ പദ്ധതിയുടെ അരഡസൻ മോട്ടോറുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും പുതുതായി സ്ഥാപിച്ചാൽ മാത്രമേ പദ്ധതി കമ്മീഷൻ ചെയ്യാനാവൂ. ജല അതോറിറ്റി പ്രോജക്ട് ഡിവിഷൻ ഇതിനായി കരാറുകാരന് സ്വന്തം ചെലവിൽ ഇവ സ്ഥാപിക്കണമെന്നു പറഞ്ഞ് കത്തുനൽകിയിട്ടുണ്ട്. 30 ലക്ഷം രൂപയുടെമോട്ടോറുകൾ അടക്കമുള്ള സാമഗ്രികളാണ് പദ്ധതിയുടെ ശുദ്ധീകരണശാലയിൽ നിന്ന്‌മോഷണംപോയത്. ഇതിനെ പറ്റിയുള്ള അന്വേഷണം ഇത് വരെ എവിടെയും എത്തിയില്ല. ലാബ് ഉപകരണങ്ങൾ, ജനൽ, വാതിൽ, സുച്ചുകൾ, വയറിങ് സാധനങ്ങൾ, അലുമിനിയം ഫാബ്രിക്കേഷൻ, ഫാനുകൾ എന്നിവയുംമോട്ടോറുകൾക്കൊപ്പം മൂന്നു നിലകളുള്ള പ്ലാന്റിൽ നിന്ന്‌മോഷണംപോയിരുന്നു. പല ഉപകരണങ്ങളും നശിപ്പിക്കപ്പെട്ടിട്ടുമുണ്ട്. മോഷണം പോയ സാമിഗ്രികൾക്കു പകരം പുതിയവ സ്ഥാപിക്കുകയും ചെങ്ങണാംകുന്നു റഗുലേറ്ററിലേ പമ്പ് ഹൗസിൽ നിന്ന് റെയിൽവേ ലൈനിനടിയിലൂടെ ശുദ്ധീകരണശാലയിലേക്ക് വരുന്ന 6000 എം.എം വ്യാസമുള്ള പൈപ്പുകൾ കൂട്ടിയോജിപ്പിക്കുകയും ചെയ്താൽ പദ്ധതി കമ്മീഷൻ ചെയ്യാൻ സജ്ജമാവുമെന്നാണ് അധികൃതർ പറയുന്നത്.