ആഭരണ മേഖലയിൽ നികുതി പരിഷ്‌കാരങ്ങൾ അനിവാര്യം
കൊച്ചി: ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്‌ജറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യത്തെ ആഭരണ വ്യവസായ മേഖല ഉറ്റുനോക്കുന്നത്. രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജി.ഡി.പി) 6 മുതൽ 7 ശതമാനം വരെയാണ് ആഭരണ വ്യവസായത്തിന്റെ പങ്കാളിത്തം. തൊഴിലാളികളും കരകൗശല വിദഗ്ധരുമായി 46 ലക്ഷം ആളുകൾ ഈ മേഖലയിൽ ജോലിയെടുക്കുന്നു. ആഭരണ വ്യാപാരത്തിന്റെസംഘടിത റീട്ടെയ്ൽ മേഖല പ്രതിവർഷം 13 മുതൽ 15 ശതമാനം വരെ വളർച്ച നേടുന്നവുവെന്നും 2029 ൽ മൊത്തം ബിസിനസ് 6000 കോടി യു.എസ് ഡോളറിലെത്തുമെന്നും കരുതുന്നു. ഈ മേഖലയിലെ സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്താനാകുന്നതും കൃത്യമായ ആസൂത്രണത്തോടെയുമുള്ള ബഡ്‌ജറ്റ് പ്രഖ്യാപനങ്ങൾ ആഭരണ വ്യവസായത്തിന് കരുത്താകും.
ഇറക്കുമതി തീരുവ കുറയ്ക്കണം
സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുന്നത് പരിഗണിക്കണം. അന്താരാഷ്ട്ര വിപണിയിലെ ഉയർന്ന നിരക്കും തീരുവകളുമാണ് സ്വർണ വിലക്കയറ്റത്തിന് കാരണം. ഇറക്കുമതി തീരുവ നിലവിലെ ആറ് ശതമാനത്തിൽ നിന്നും 4 ശതമാനമായി കുറയ്ക്കണം. വിപണിയെ കൂടുതൽ സുതാര്യമാക്കുന്നതിനും കള്ളക്കടത്ത് തടയുന്നതിനും ചെറുകിട വ്യാപാരികൾ, ആഭരണ നിർമ്മാതാക്കൾ എന്നിവർക്ക് ബിസിനസ് വിപുലീകരിക്കുന്നതിനും തീരുവ പരിഷ്കരണം ഗുണമാകും. ആഭരണ വ്യാപാര രംഗത്തെ ജി.എസ്.ടി നിരക്കുകൾ കുറയ്ക്കുന്നതും നികുതി വ്യവസ്ഥയിൽ ഘടനാപരമായ ഇളവുകൾ നൽകുന്നതും കയറ്റുമതിയെ പ്രോത്സാഹിപ്പിക്കും. ആഭരണ വ്യവസായ രംഗത്തെ സംരക്ഷിക്കുന്നതിനോടൊപ്പം ഇന്ത്യയെ ആഗോള ജ്വല്ലറി ഹബാക്കി മാറ്റുന്നതിനുള്ള നടപടികളാണ് പ്രതീക്ഷിക്കുന്നത്.
(ആഗോള ജുവലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ ചെയർമാനാണ് ലേഖകൻ)