@ കുഴഞ്ഞു വീണാൽ ഉടൻ സി.പി.ആർ സൗ​ജ​ന്യ​ ​പ​രി​ശീ​ല​നവുമാ​യി​ ​ അഞ്ചംഗ സംഘം

Sunday 25 January 2026 12:59 AM IST
സംഘാംഗങ്ങളായ അനീഷ് ഐസക്, അശ്വിൻ ഫ്രാൻസിസ്, ലിജുമോൾ, അഖിൽ വിശ്വനാഥ്, ആഷിക് ബോബി എന്നിവർ

കോഴിക്കോട്: ഹൃദയ സ്തംഭനത്തെ തുടർന്ന് കുഴഞ്ഞുവീണ് മരണങ്ങൾ കൂടുമ്പോൾ സി.പി.ആർ (കാർഡിയോ പൾമണറി റിസ്യൂസിറ്റേഷൻ) നൽകാനുള്ള സൗജന്യ പരിശീലന പരിപാടിയുമായി അഞ്ചംഗ സംഘം. വിദ്യാർത്ഥികൾ, യുവാക്കൾ, പൊലീസുകാർ, അഭിഭാഷകർ, ഗ്രാമീണർ തുടങ്ങിയവർക്കായിരുന്നു ബോധവത്കരണം. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും ഡൽഹി, ചണ്ഡിഗഢ് എന്നിവിടങ്ങളിലുമായി 5000 പേർക്ക് പരിശീലനം നൽകി.വർഷങ്ങളായി ആരോഗ്യ രംഗത്ത് ട്രെയിനർമാരാണ് വയനാട് സ്വദേശികളായ അഖിൽ വിശ്വനാഥ്, ഭാര്യ ലിജുമോൾ, എറണാകുളം സ്വദേശി അനീഷ് ഐസക്, കോട്ടയം സ്വദേശികളായ അശ്വിൻ ഫ്രാൻസിസ്, ആഷിക് ബോബി എന്നിവർ. നവംബർ 10ന് കോഴിക്കോട്ടു നിന്ന് തുടങ്ങിയ യാത്ര കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ പരിശീലനത്തോടെ സമാപിച്ചു.

മുതിർന്നവർക്കും വിവിധ പ്രായത്തിലുള്ള കുട്ടികൾക്കും സി.പി.ആർ നൽകേണ്ടത് പ്രത്യേകം പരിശീലിപ്പിച്ചു. രണ്ട് മണിക്കൂർ വരെയായിരുന്നു ഒരു ക്ളാസ്. ഹൃദയ സ്തംഭനമുണ്ടാകുന്നവർക്ക് പ്രാഥമികചികിത്സ നൽകാൻ പൊതുസ്ഥലങ്ങളിൽ എ.ഇ.ഡി (ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡെഫിബ്രിലേറ്റർ) ഉപയോഗിക്കാനും പരിശീലിപ്പിച്ചു.

ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ എന്തു ചെയ്യണമെന്നും പരിശീലനം നൽകി. മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി കുഞ്ഞുങ്ങൾ മരിക്കുന്ന സംഭവങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിലാണിത്.സംരംഭത്തിന് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ചെലവിന്റെ 30 ശതമാനത്തോളം നൽകി. സുഹൃത്തുക്കളും സന്നദ്ധ പ്രവർത്തകരും സഹായിച്ചു.